കശ്മീര്‍ സ്വയം പ്രതിനിധീകരിക്കുന്നു: അരുന്ധതി

ചൊവ്വ, 19 ഓഗസ്റ്റ് 2008 (10:06 IST)
കശ്മീരിലെ ജനത തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞതായി എഴുത്തുകാരിയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ജമ്മുകശ്മീരില്‍ തിങ്കളാഴ്ച നടന്ന റാലിക്ക് ശേഷം ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇപ്പോഴും ആരും ഇതിന് ചെവികൊടുക്കുന്നില്ല എങ്കില്‍ അതിനു കാരണം അവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതു കൊണ്ടാണ്. ഇതൊരു ജനഹിതപരിശോധനയായതുകൊണ്ടാണ്. ആരും പ്രതിനിധീകരിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അവര്‍ സ്വയം പ്രതിനിധാനം ചെയ്യുന്നു.

ജനങ്ങളുടെ മുന്നേറ്റത്തെ നിരീക്ഷിക്കുന്നവര്‍ക്കും റാലികളില്‍ പങ്കെടുക്കുന്നവര്‍ക്കും ഇവിടെ കാണുന്നതൊന്നും തള്ളിക്കളയാനാവില്ല, അരുന്ധതി റോയ് പറഞ്ഞു.

ഹരി സിംഗ് ആണോ ഷേക്ക് അബ്ദുള്ളയാണോ അതോ മറ്റാരെങ്കിലും ആണോ കശ്മീര്‍ ജനതയെ പ്രതിനിധീകരിക്കേണ്ടത് എന്ന തര്‍ക്കം 1930 മുതല്‍ നിലനില്‍ക്കുന്നു. ഈ തര്‍ക്കം ഇപ്പോള്‍ ഹുറിയത്താണോ മറ്റ് പാര്‍ട്ടികളാണോ ജങ്ങളെ പ്രതിനിധീകരിക്കേണ്ടത് എന്ന രീതിയില്‍ തുടരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ സ്വയം പ്രതിനിധാനം ചെയ്യുകയാണ് എന്നാണ് കരുതുന്നത് എന്നും അരുന്ധതി പറഞ്ഞു.

“കശ്മീര്‍ ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പോലെ തന്നെ ഇന്ത്യ കശ്മീരില്‍ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു” അരുന്ധതി റോയ് പറഞ്ഞവസാനിപ്പിച്ചു.

വെബ്ദുനിയ വായിക്കുക