കല്‍പ്പിത സര്‍വകലാശാല: നടപടി ഉടനില്ല

തിങ്കള്‍, 25 ജനുവരി 2010 (16:07 IST)
കല്‍പ്പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി തടഞ്ഞു. അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 44 സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ സ്വന്തം നിലപാട് അറിയിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ജസ്റ്റിസുമാരായ ദല്‍‌വീര്‍ ഭണ്ഡാരി, എകെ പട്നായിക് എന്നിവരടങ്ങുന്ന ബഞ്ചാണ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ കല്‍പ്പിത സര്‍വകലാശാലകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചത്.

ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ നടപടിയുണ്ടാവില്ല എന്ന് കോടതി കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് ഉറപ്പ് നല്‍കി. മാര്‍ച്ച് ഒമ്പതിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

പാഠ്യപരിഗണനയ്ക്ക് പകരം കുടുംബ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് 44 സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കുന്നില്ല എന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് പ്രശ്നമുണ്ടാകാത്ത വിധം മറ്റ് സര്‍വകലാശാലകളില്‍ പ്രവേശനം ഉറപ്പാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക