കല്‍ക്കരിപ്പാടം അഴിമതി: അന്വേഷണം വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി
വ്യാഴം, 29 ഓഗസ്റ്റ് 2013 (15:16 IST)
PRO
PRO
കല്‍ക്കരിപ്പാടം അഴിമതി അന്വേഷണം വേഗത്തിലാക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി. 169 കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് അഞ്ച് മാസത്തിനകം സമര്‍പ്പിക്കണം.
രേഖകള്‍ കാണാതായ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്ടര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരിന്റെ പ്രസ്താവന തികച്ചും ദുര്‍ബലമാണ്. സിബിഐ അന്വേഷണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഇതില്‍ അതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി.
കല്‍ക്കരിപ്പാടം അഴിമതി കേസുമായി ബന്ധപ്പെട്ട് 1993 മുതല്‍ 2005 വരെയുള്ള 157 ഫയലുകള്‍ കാണാതായതായി സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് കാണാതായിരിക്കുന്നതെന്നും എന്നാല്‍, ഇക്കാര്യം കല്‍ക്കരി മന്ത്രാലയം സിബിഐയെ അറിയിച്ചിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.