തനിക്കെതിരെ “കള്ളന്” എന്ന പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ എച്ച് ആര് ഭരദ്വാജ് പരസ്യമായി മാപ്പുപറയണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. ഇതോടെ, കര്‍ണാടകയില്‍ ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്.
യദ്യൂരപ്പയുടെ ആവശ്യത്തോട് ഗവര്‍ണര്‍ തണുപ്പന്‍ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. താന്‍ മാപ്പു പറയേണ്ട ആവശ്യമില്ല എന്നും വിചാരണയ്ക്ക് അനുമതി നല്‍കണോ വേണ്ടയോ എന്നത് തന്റെ വിവേചനാധികാരമാണെന്നും അനുമതി നല്‍കാതിരിക്കുന്നത് ഭൂമി തട്ടിപ്പ് മൂടിവയ്ക്കാന്‍ മാത്രമേ സഹായകമാവൂ എന്നും ഭരദ്വാജ് നല്കിയ ഇ-മെയില്‍ മറുപടിയില്‍ പറയുന്നു.
മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്ന ഒരു കൂട്ടം അഭിഭാഷകരുടെ ആവശ്യം അംഗീകരിക്കരുത് എന്ന് ഈ ആഴ്ച ആദ്യം കാബിനറ്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ‘കള്ളന് തനിക്കെതിരെ നടപടിയെടുക്കരുത്’ എന്ന് പൊലീസിനോട് അപേക്ഷിക്കുന്നത് പോലെയാണ് കാബിനറ്റിന്റെ ആവശ്യമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
ഇതോടെ, മുഖ്യമന്ത്രിയും കാബിനറ്റും ഗവര്‍ണര്‍ക്കെതിരെ വീണ്ടും പടയൊരുക്കം ആരംഭിച്ചു. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ മാറ്റമല്ല സംസ്ഥാനത്തെ ജനങ്ങളെ മൊത്തത്തില്‍ അപമാനിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ നിലപാട്.