കനയ്യകുമാറിനെ ജെ എന്‍ യുവില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശം, നടപടി ഉടനെന്ന് സര്‍വകലാശാല

ചൊവ്വ, 15 മാര്‍ച്ച് 2016 (09:45 IST)
കനയ്യകുമാറിനെ ജെ എന്‍ യുവില്‍ നിന്ന് പുറത്താക്കാന്‍ ഉന്നതാധികാരസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. കനയ്യകുമാര്‍ ഉള്‍പ്പടെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
 
വിദ്യാര്‍ത്ഥികളില്‍ നിന്ന് വിശദീകരണം ലഭിച്ചശേഷം നടപടിയെടുക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഒമ്പതിന് ജെ എന്‍ യുവില്‍ നടന്ന സംഘര്‍ഷത്തില്‍ 21 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്നാണ് സംഭവത്തേക്കുറിച്ച് അന്വേഷിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയിരിക്കുന്നത്.
 
ഈ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഒരു മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് കനയ്യകുമാറിനെ ഉള്‍പ്പടെയുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 
 
വൈസ് ചാന്‍സലര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 21 വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിദ്യാര്‍ത്ഥികളുടെ വിശദീകരണം ലഭിച്ച ശേഷം നടപടിയെടുക്കാനാണ് പരിപാടി.

വെബ്ദുനിയ വായിക്കുക