ഐഎന്‍എസ് സിന്ധുരക്ഷക്; അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

ശനി, 17 ഓഗസ്റ്റ് 2013 (10:19 IST)
PTI
മുങ്ങിക്കപ്പല്‍ ഐഎന്‍എസ് സിന്ധുരക്ഷകില്‍നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട 18 പേരില്‍ ആരെയെങ്കിലും ജീവനോടെ കിട്ടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കണ്ടെടുത്ത മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ് വികൃതമായിരുന്നു. തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നാവികസേന പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ നാവികസേന ആശുപത്രിയായ ഐഎന്‍എസ് അശ്വിനിയിലേക്ക് മാറ്റി. കപ്പലിലെ ഉരുക്ക് ഉപകരണങ്ങള്‍ അടക്കം ഉരുകിപ്പോയി. കപ്പല്‍ മുങ്ങിയ ഭാഗത്തെ കഠിനമായ ചൂടും ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് നാവികസേന വക്താവ് നരേന്ദ്ര വിസ്പുട് പറഞ്ഞു.

പൂര്‍ണമായും മുങ്ങിപ്പോയ കപ്പല്‍ ഉയര്‍ത്താന്‍ സിംഗപ്പൂരില്‍നിന്നുള്ള കമ്പനിയുടെ സഹായം തേടുമെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് സിന്ധുരക്ഷക് പൊട്ടിത്തെറിച്ച് മുങ്ങിയത്. നാല് മലയാളികളടക്കം 18 സൈനികരാണ് കപ്പലിലുണ്ടായിരുന്നത്.

സംഭവത്തെപ്പറ്റി നാവികസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ലിജു ലോറന്‍സ്, വെങ്കിട്ടരാമന്‍, തലശേരി സ്വദേശി വികാസ്, ഹരിപ്പാട് സ്വദേശി വിഷ്ണു എന്നിവരാണ് മലയാളി സൈനികര്‍.

വെബ്ദുനിയ വായിക്കുക