എൻ ഡി ടി വിയില്‍ ബ്ലാക്ക് സ്ക്രീന്‍; കനയ്യ കുമാറിന്റെ ടീഷര്‍ട്ടുകള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍; ജെ എന്‍ യു വിഷയത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു

ശനി, 20 ഫെബ്രുവരി 2016 (11:45 IST)
ജെ എന്‍ യു വിവാദത്തില്‍ അഭിഭാഷകരുടെ അതിക്രമത്തിലൂം മാധ്യമ അവതാരകരുടെ നിഷേധാത്മക നിലാപാടിലും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ വ്യത്യസ്ഥ രീതിയില്‍ പ്രതിഷേധവുമായി ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍. കനയ്യ കുമാറിന്റെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ ധരിച്ചാണ് ഇവരുടെ പ്രതിഷേധം. ടീഷര്‍ട്ടുകള്‍ ഇതിനോടകം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിറ്റായിക്കഴിഞ്ഞു.  കനയ്യയുടെ അറസ്‌റ്റില്‍ പ്രതിഷേധിച്ച്‌ നടക്കുന്ന ജാഥകളിലും പ്രതിഷേധ പരിപാടികളിലും കനയ്യയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ ധരിച്ച നിരവധിപേരെ കാണാം.
 
മാസങ്ങള്‍ക്ക്‌ മുമ്പ്‌ എ ബി വി പി വിട്ട വിഷ്‌ണു ജസ്വാള്‍ എന്ന വിദ്യാര്‍ത്ഥിയാണ്‌ ‘മേരാ യാര്‍ കനയ്യകുമാര്‍’ എന്ന് പ്രിന്റ് ചെയ്തിരിക്കുന്ന ടീഷര്‍ട്ട് പുറത്തിറക്കിയത്. 150 രൂപയ്‌ക്കാണ്‌ ടീ ഷര്‍ട്ടുകള്‍ ലഭ്യം.
 
വൈകിട്ട് ഒമ്പതു മണിക്ക് സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത നിര്‍ത്തി വെച്ചായിരുന്നു പ്രമുഖ ചാനലായ എൻ ഡി ടി വിയുടെ പ്രതിഷേധം .കറുത്ത സ്ക്രീനില്‍ 'യാതൊരു  ടെക്നിക്കല്‍ പ്രശ്നവും സിഗ്നല്‍ പ്രശ്നവും നിങ്ങള്‍ നേരിടുന്നില്ല. നിങ്ങളുടെ ടി.വിക്കും തകരാറില്ല. പക്ഷേ ഞാങ്ങൾ നിങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്.' ഈ വാക്കുകള്‍  പ്രദര്‍ശിപ്പിക്കുകയും മറ്റ് ചാനല്‍ അവതാരകരുടെയും അഭിഭാഷകരുടെയും ശബ്​ദങ്ങള്‍ മാത്രം കേള്‍പ്പിക്കുകയുമായിരുന്നു എൻ ഡി ടി വി.  
 
ടൈംസ് നൌ ചാനലില്‍ അഫ്സല്‍ ഗുരുവിന്‍റെ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ അവതാരകന്‍ അര്‍ണബ് ഗോസ്വാമി വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് അഭിസംബോധന ചെയ്യുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതിനെതിരെയായിരുന്നു എൻ ഡി ടി വിയുടെ പ്രതിഷേധം. 

വെബ്ദുനിയ വായിക്കുക