എസ് ബാന്‍ഡില്‍ പങ്കില്ലെന്ന് മന്‍‌മോഹന്‍

വ്യാഴം, 24 ഫെബ്രുവരി 2011 (13:40 IST)
PTI
ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് ദേവാസുമായി ഉണ്ടാക്കിയ എസ്‌ ബാന്‍ഡ്‌ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ പങ്കില്ലെന്ന് മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി. 2005ലെ ഐ എസ്‌ ആര്‍ ഒ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. എസ്‌ ബാന്‍ഡ്‌ സ്‌പെക്‌ട്രം ക്രമക്കേടില്‍ ടി എന്‍ സീമ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

എസ്‌-ബാന്‍ഡ്‌ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നില്ല. അങ്ങനെ അറിയിക്കേണ്ട കാര്യവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപഗ്രഹവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ അനുമതി ആവശ്യമായി വന്നപ്പോള്‍ മാത്രമാണ് എസ്‌ ബാന്‍ഡ്‌ വിഷയം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വന്നത്‌.

രാജ്യത്ത് ഭക്‍ഷ്യ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വര്‍ദ്ധിച്ച് വരുന്ന നാണ്യപ്പെരുപ്പം ആശങ്ക ജനിപ്പിക്കുന്നതാണ്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ നാണ്യപ്പെരുപ്പം കുറയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

യുപിഎ സര്‍ക്കാരിന്റെ ടെലികോം നയത്തില്‍ തെറ്റില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 2ജി സ്പെക്‍ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും സഹകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കോമണ്‍‌വെല്‍ത്ത് ഗെയിസ് അഴിമതി, 2ജി കുംഭകോണം എന്നിവയിലെ കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല. ലോക്സഭയില്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുപ്രവര്‍ത്തന രംഗത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദം സംബന്ധിച്ചു പാകിസ്താനുമായി വിശദമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക