എടിഎം ആക്രമണം: പ്രതി ആന്ധ്രയിലും എടിഎം കൌണ്ടറില്‍ കൊലനടത്തി?
തിങ്കള്‍, 25 നവംബര്‍ 2013 (09:38 IST)
PRO
ബാംഗ്ലൂരിലെ എടിഎം ബൂത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥ ജ്യോതിയെ ആക്രമിച്ചത് ആന്ധ്രയില്‍ എടിഎം ബൂത്തില്‍ സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതിയാണെന്ന് പോലീസിന് സംശയം.
ദിവസങ്ങള്‍ക്കുമുമ്പ് മറ്റൊരു യുവതിയെ കൊലപ്പെടുത്തിയെന്ന് സൂചന ലഭിച്ചത് കൊലപ്പെട്ട യുവതിയുടെ എടിഎം. കാര്‍ഡ് ഉപയോഗിച്ച വ്യക്തിക്ക് ബാംഗ്ലൂരില്‍ ആക്രമണം നടത്തിയ വ്യക്തിയോട് രൂപസാദൃശ്യമുണ്ടെന്നതിനാലാണ്.
നവംബര്‍ 10ന് ആന്ധ്രപ്രദേശിലെ ധര്‍മാപുരയില്‍ പ്രമീള എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് എ.ടഎം കാര്‍ഡുകള്‍ കവര്‍ന്നു. ഈ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് നവംബര്‍ 11,12 തീയതികളില്‍ ആന്ധ്രപ്രദേശിലെ കാദിരിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്‍െറ എ.ടി.എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചിട്ടുണ്ട്.
പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ എടിഎം കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍നിന്ന് ലഭിച്ചു.ജ്യോതിയെ വെട്ടിപ്പരിക്കേല്‍പിച്ചപ്പോള്‍ ധരിച്ചതിനു സമാനമായ വെള്ളയും നീലയും നിറത്തിലുള്ള വരകളുള്ള ഷര്‍ട്ടാണ് പ്രതി ധരിച്ചിരിക്കുന്നത്.
വെട്ടാന്‍ ഉപയോഗിച്ച വടിവാള്‍ കൊണ്ടുനടന്നിരുന്ന ബാഗും സാദൃശ്യമുള്ളതാണ്. ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരുകയാണ്. നേരത്തേ ജ്യോതിയുടെ മൊബൈല്‍ ഫോണ്‍ അക്രമിയില്‍ നിന്ന് വാങ്ങിയ യുവാവിനെ ആന്ധ്രയിലെ ഹിന്ദുപൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു.
ഫോണ്‍ വിറ്റ വ്യക്തി നന്നായി തെലുങ്ക് സംസാരിച്ചിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. കേസില്‍ എല്ലാ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടാനാകുമെന്നും ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ രാഘവേന്ദ്ര ഔരാദ്കര്‍ പറഞ്ഞു.
കേരള വനിതാകമ്മീഷന്‍ അധ്യക്ഷ കെസി റോസക്കുട്ടി ബിജിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്യോതി ഉദയിനെ സന്ദര്‍ശിച്ചു.