എക്സിറ്റ് പോള്‍: ചാനലുകള്‍ക്ക് നോട്ടീസ്

വ്യാഴം, 9 ഫെബ്രുവരി 2012 (02:12 IST)
ഉത്തര്‍‌പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍‌പെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംപ്രേഷണം ചെയ്ത ചാനലുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. സഹാറ സമയ്, സ്റ്റാര്‍ ന്യൂസ് എന്നീ ചാനലുകള്‍ക്കാണ് അലഹാബാദ് ഹൈക്കോടതി നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടം അവഗണിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ് അയച്ചത്.

ജനവരി പന്ത്രണ്ടിനാണ് സഹാറ സമയും സ്റ്റാര്‍ ന്യൂസും എക്സിറ്റ് പോള്‍ സംപ്രേഷണം ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സയ്യദ് മൊഹമ്മദ് ഫസല്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് കോടതി ചാനലുകള്‍ക്ക് നോട്ടീസ് അയച്ചത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് പൂര്‍ത്തിയായശേഷമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സംപ്രേഷണം ചെയ്യാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ഇത് ചാനലുകള്‍ ലംഘിച്ചെന്നാണ് ആരോപണം.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും എതിര്‍ സത്യവാംഗ് മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയില്‍ അടുത്ത വാദം 29-നു നടക്കും.

വെബ്ദുനിയ വായിക്കുക