ഉല്പാദനമില്ല; ജോലിക്ക് വരേണ്ടെന്ന് ജീവനക്കാരോട് ‘മാഗി’

ബുധന്‍, 10 ജൂണ്‍ 2015 (14:32 IST)
രാജ്യവ്യാപകമായി മാഗി നൂഡില്‍സിനെതിരെ നടപടികള്‍ വ്യാപിക്കുമ്പോള്‍ മാഗിയിലെ കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമാകുന്നു. നെസ്‌ലെ ഇന്ത്യയുടെ ഗോവയിലെ ബിച്ചോലിമ്മിലുള്ള മൌലിംഗം പ്ലാന്റിലാണ് കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്‌ടമായിരിക്കുന്നത്.
 
നിലവില്‍ കമ്പനിക്ക് 800ഓളം കരാര്‍ ജീവനക്കാര്‍ ആണ് ഉള്ളത്. എന്നാല്‍, ജൂണ്‍ അഞ്ചിന് മാഗി ഉല്പാദനം നിര്‍ത്തിയതോടെ 500 ഓളം ജീവനക്കാരോട് ജോലിക്ക് ഹാജരാകേണ്ടെന്ന് കമ്പനി അറിയിപ്പ് നല്കിയെന്നാണ് റിപ്പോര്‍ട്ട്.
 
ജോലി നഷ്‌ടമായ തൊഴിലാളികള്‍ ഗോവയിലെ പ്ലാന്റിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ധര്‍മ്മസങ്കടത്തിലാണ്. മാഗിയുടെ പ്ലാന്റില്‍ നാലു വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ജോലിക്കാര്‍ അടക്കമുള്ളവരോടാണ് ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
 
നിലവില്‍ ജോലിക്ക് ഹാജരാകേണ്ടെന്നും ഉല്പാദനം പുനരാരംഭിക്കുമ്പോള്‍ അറിയിക്കാമെന്നും കമ്പനി പറഞ്ഞതായി ഒരു തൊഴിലാളി വ്യക്തമാക്കി. ദിവസേന 274 രൂപയ്ക്ക് ജോലി ചെയ്തിരുന്നവര്‍ പുതിയ ജോലി കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തതും പുതിയ ജോലി തേടുന്നതിന് ഇവര്‍ക്ക് തടസമാകുന്നു.
 
1996-97 കാലഘട്ടത്തില്‍ നെസ്‌ലെ ഇവിടെ പ്ലാന്റ് തുടങ്ങുന്ന കാലം വരെ മൌലിംഗം ഗ്രാമത്തിലുള്ളവര്‍ കൃഷിയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, നെസ്‌ലെ പ്ലാന്റ് വന്നതോടെ തദ്ദേശവാസികളേ കൂടാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ ജോലിക്കായി എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക