ഭരണ സംവിധാനത്തിലെ കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കും; ഇന്ത്യ നിക്ഷേപത്തിനു അനുയോജ്യമായ രാജ്യം - പ്രധാനമന്ത്രി

ബുധന്‍, 14 ഡിസം‌ബര്‍ 2016 (17:16 IST)
ഇന്ത്യ ഒരു സാമ്പത്തിക പരിവർത്തനത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിൽനിന്നും അഴിമതിയിൽനിന്നും രാജ്യത്തെ രക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യം. ഭരണ സംവിധാനത്തിൽനിന്ന് കള്ളപ്പണവും അഴിമതിയും തുടച്ചുനീക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കറൻസി രഹിത, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് രാജ്യം. ഇന്ത്യയിലെ സാമ്പത്തിക നടപടികൾ സ്വയം തൊഴിൽ കണ്ടെത്താനും മറ്റ് തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് കാരണമാകും. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മോദി പറഞ്ഞു.

ഇന്ത്യ നിക്ഷേപത്തിനു
 
അനുയോജ്യമായ രാജ്യമാണ്. കൂടുതൽ മേഖലകളിൽ ഇപ്പോള്‍ വിദേശ നിക്ഷേപം അനുവദിച്ചു കഴിഞ്ഞു. നിലവിൽ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ അതിന്റെ വിഹിതം ഉയർത്തുകയും ചെയ്തിട്ടുണ്ട്.
വിദേശ നിക്ഷേപകർക്കായി കൂടുതൽ സംരംഭങ്ങൾ രാജ്യത്ത് തുടങ്ങുമെന്നും ക്വലാലംപൂരിൽ നടക്കുന്ന ഇക്കണോമിക് ടൈംസ് ഏഷ്യൻ ബിസിനസ് ലീഡേഴ്സ് കോൺക്ലേവിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക