ഇന്ത്യയില്‍ നിന്നുള്ള സ്വതന്ത്ര്യമല്ല ഇന്ത്യക്കകത്ത് സ്വാതന്ത്ര്യമാണ് വേണ്ടത്: ജെ എന്‍ യുവില്‍ കനയ്യ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
വെള്ളി, 4 മാര്‍ച്ച് 2016 (15:40 IST)
ജയില്‍ മോചിതനായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ലകലാശാലയില്‍ തിരിച്ചെത്തി. ആവേശകരമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ കനയ്യ കുമാറിന് നല്‍കിയത്. ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായി കനയ്യ പറഞ്ഞു.
ദേശീയ മാധ്യങ്ങള്‍ കനയ്യയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ ജെ എന്‍ യുവില്‍ ആയിരുന്നു. അമ്പത് മിനിട്ടോളം സംസാരിച്ച കനയ്യ കുമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ആണ് ഉന്നയിച്ചത്. ആസാദി മുദ്രാവാക്യങ്ങളുമായാണ് കനയ്യ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്. പാര്‍ലമെന്റിലിരുന്ന് ശരിയും തെറ്റും നിര്‍ണയിച്ച രാഷ്ട്രീയക്കാര്‍ക്കും അവരുടെ പോലീസിനും അവരുടെ മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പരിഹാസ രൂപേണ കനയ്യ പറഞ്ഞു.
രോഹിത് വെമുല വിഷയത്തില്‍ നിന്നും യു ജി സി പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ നടക്കുന്ന ആസൂത്രിതമായ ആക്രമണമാണമെന്നും കനയ്യ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് എതിര്‍പ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ് അതിനോട് എനിക്ക് യോജിപ്പാണുള്ളത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. എ ബി വി പിയെ ശത്രുക്കളായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങള്‍ അവരെ കാണുന്നതെന്നും കനയ്യ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള സ്വതന്ത്ര്യമല്ല ആവശ്യപ്പെട്ടത് മറിച്ച് ഇന്ത്യക്കകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അഴിമതിയില്‍ നിന്നും വിശപ്പില്‍ നിന്നുമാണ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്.
മോദി മന്‍കീ ബാതിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. സീതാറാം യെച്ചൂരിയെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹത്തിന് ജയിലിലിട്ടു. ‘രാജ്യദ്രോഹം’ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഇന്ത്യയിലെ 69 ശതമാനം പേരും താങ്കളുടെ രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ല. ബി ജെ പിക്ക് വോട്ട് ചെയ്ത 31 ശതമാനം പേരെ നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി താങ്കളുടെ സര്‍ക്കാര്‍ പറ്റിച്ചു. ജനങ്ങള്‍ ഇതൊന്നും മറക്കില്ലെന്നും കനയ്യ പറഞ്ഞു.