ഇന്ത്യന്‍ മുജാഹിദ്ദീന്‍ മംഗലാപുരത്ത് വിമാനം റാഞ്ചിയേക്കുമെന്ന് മിലിട്ടറി ഇന്‍റലിജന്‍സ്

ഞായര്‍, 5 ജനുവരി 2014 (14:34 IST)
PRO
PRO
തങ്ങളുടെ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിനെ വിട്ടയക്കാത്തതിന്റെ പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ മംഗലാപുരത്ത് വിമാനം റാഞ്ചിയേക്കുമെന്ന് മിലിട്ടറി ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്കി. ഇതേത്തുടര്‍ന്ന് മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.

ജമ്മു-കശ്മീരിലെ മിലിട്ടറി ഇന്‍റലിജന്‍സാണ് കര്‍ണാടക സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയത്. വിമാനം തട്ടിക്കൊണ്ടുപോവുകയോ ബോംബ്‌വെയ്ക്കുകയോ യാത്രക്കാരെ തട്ടിക്കൊണ്ടുപോവുകയോ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞവര്‍ഷം ആഗസ്ത് 27നാണ് യാസീന്‍ ഭട്കലിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍സേന അറസ്റ്റുചെയ്തത്. യാസീനും കൂട്ടുകാരും മാസങ്ങളോളം മംഗലാപുരത്തെ ഫ്ലാറ്റില്‍ താമസിക്കുകയും ബോംബ് നിര്‍മിക്കുകയും ചെയ്തിരുന്നതായി ചോദ്യംചെയ്യലില്‍ തെളിഞ്ഞിരുന്നു. ഇവിടെ യാസീന്റെ കൂടെയുണ്ടായിരുന്ന രണ്ട് കൂട്ടാളികളെയും എന്‍.ഐ.എ. പിന്നീട് അറസ്റ്റുചെയ്യുകയുണ്ടായി. ഇതിന്റെയെല്ലാം പ്രതികാരമായാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഇത്തരത്തിലൊരു പദ്ധതിയിട്ടതെന്ന് ഇന്‍റലിജന്‍സ് സംശയിക്കുന്നു.

മംഗലാപുരം അന്തര്‍ദേശീയ വിമാനത്താവളത്തിന് ഭീഷണിയുണ്ടെന്ന വിവരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണന്‍ സ്ഥിരീകരിച്ചു. നാല് ഡോഗ് സ്‌ക്വാഡ് മുഴുവന്‍സമയവും വിമാനത്താവളത്തിനകത്തും പുറത്തും പരിശോധന നടത്തുന്നുണ്ട്. വിമാനയാത്രക്കാരും വിശദമായ പരിശോധനയ്ക്ക്‌വിധേയരാവേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക