ഇനിമുതല്‍ മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം

വെള്ളി, 1 ഏപ്രില്‍ 2016 (17:54 IST)
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം. ഇതുസംബന്ധിച്ച നടപടികള്‍ കൈക്കൊള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരാധനാലയങ്ങളില്‍ ഇത്തരത്തില്‍ നടക്കുന്ന ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്ളെയ്സ് ഓഫ് വര്‍ഷിപ്പ് ആക്ടിലെ (എന്‍ട്രി അതോറൈസേഷന്‍ ആക്ട്) ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
 
സംസ്ഥാനത്തെ ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകരായ നീലിമ വരദക്, അഭിനന്ദന്‍ വാഗ്നി എന്നിവര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയേത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ച ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നിയമം ലംഘിച്ച് ചില സ്ത്രീകള്‍ കയറിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏഴ് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരെ പുറത്താക്കുകയും ഇവരെകൊണ്ട് ശുദ്ധികലശം നടത്തിക്കുകയും ചെയ്തിരുന്നു.
 
അതേസമയം, കോടതി വിധി സ്ത്രീകളുടെ വിജയമാണെന്നും അടുത്ത ദിവസം തന്നെ ക്ഷേത്ര സന്ദര്‍ശനം നടത്തുമെന്നും ദ്രുപതി ദേശായി പ്രതികരിച്ചു. സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ച സംസ്ഥാനത്തെ എല്ലാ  ക്ഷേത്രങ്ങളിലേയും നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്നും ദ്രുപതി വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക