ആടിനെ പിടികൂടാന്‍ കേരള പൊലീസ് തമിഴ്നാട്ടിലെ ജയിലുകളില്‍!

വെള്ളി, 12 ജൂലൈ 2013 (12:53 IST)
PRO
പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിനടക്കുന്ന ആട്‌ ആന്റണിയെ പിടികൂടുന്നതിനായി കേരള പൊലീസ് തമിഴ്നാട്ടിലെത്തി. തമിഴ് നാട്ടിലെ ഒന്‍പത് സെന്‍‌ട്രല്‍ ജയിലുകളിലും 109 ജയിലുകളിലുമാണ് കേരള പൊലീസ് ആട് ആന്റണിക്കായി തെരച്ചില്‍ നടത്തുന്നത്.

ഏകദേശം ഒരു വര്‍ഷത്തോളമായി പൊലീസിനെ വെട്ടിച്ച് നടക്കുന്ന ആട് ആന്റണി തമിഴ്നാട്ടിലെ ജയിലുകളില്‍ ഉണ്ടാവാം എന്ന വിശ്വാസത്തിലാണ് കേരള പൊലീസ് തമിഴ്നാട്ടില്‍ പരിശോധനയ്ക്ക് ഇറങ്ങുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് ആന്റണി അനാഥാലയത്തിന്റെ പേരില്‍ പത്രപ്പരസ്യം നല്‍കി പണം തട്ടിച്ചെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് ഇയാള്‍ പൊലീസ് പിടിയിലായി തമിഴ് നാട്ടിലെ ജയിലുകളില്‍ കാണാമെന്നാണ് പൊലീസിന്റെ ഭാഷ്യം.കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ തമിഴ് നാട്ടിലെ ജയിലുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുക എന്നതാണ് പൊലീസിന്റെ പ്രധാന കര്‍ത്തവ്യം.

കൊലപാതക്കുറ്റമടക്കം നിരവധി കേസുകളില്‍ പ്രതിയായ ആട് ആന്റണിക്കായി പൊലീസ് കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക