വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് നേരെ ബാംഗ്ലൂരില്‍ ആക്രമണമുണ്ടാകുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ആറായിരത്തോളം ആളുകള്‍ കര്‍ണാടക വിട്ടു. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബാംഗ്ലൂരില്‍ എത്തിയവര്‍ക്ക് നേരെ അക്രമണം ഉണ്ടാകും എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ബാംഗ്ലൂര്‍ വിട്ടവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്.
ബാംഗ്ലൂര്‍ സിറ്റി റയില്‍വെ സ്റ്റേഷനില്‍ നിന്ന് സ്പെഷ്യല്‍ ട്രെയിനുകളിലാണ് ഇവ ഗുവഹാട്ടിയിലേക്ക് പുറപ്പെട്ടത്. തിങ്ങിനിറഞ്ഞ റയില്‍വെ സ്റ്റേഷനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം അഭ്യൂഹങ്ങള്‍ നിഷേധിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് രാജ്യത്തെവിടെയും ഭീഷണിയില്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും ആഭ്യന്തര സെക്രട്ടറി ആര്‍കെ സിംഗ് അറിയിച്ചു.
അസം കലാപത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പൂനെയില്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.