സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ ആണെന്ന് സ്വാമി അസീമാനന്ദ ആവര്‍ത്തിച്ചത് ആര്‍എസ്‌എസിനെ വെട്ടിലാക്കുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സ്വാമി കുറ്റസമ്മതം നടത്തിയത് എന്നാണ് ആര്‍എസ്‌എസ് നേരത്തെ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍, ശനിയാഴ്ചയും സ്വാമി തന്റെ നിലപാട് ആവര്‍ത്തിച്ചു. 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത്ത എക്സ്പ്രസ് സ്ഫോടനത്തിനു പിന്നില്‍ ഹിന്ദുതീവ്രവാദികളാണെന്ന് അസീമാനന്ദ പറഞ്ഞു. രാംജി കല്‍സംഗ്ര, സന്ദീപ് ദാംഗെ എന്നിവരാണ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് എന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍.
മലേഗാവ് സ്ഫോടന കേസ് സിബിഐ പുനരന്വേഷണം നടത്തുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഹിന്ദു ഭീകരതയെ കുറിച്ചുള്ള സ്വാമിയുടെ വെളിപ്പെടുത്തല്‍.
2006-ല്‍ ഗുജറാത്തിലെ വല്‍സദില്‍ സംഘപരിവാര്‍ അംഗങ്ങളായ ഋതേശ്വര്‍, പ്രജ്ഞ സിംഗ്, സുനില്‍ ജോഷി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സംബന്ധിച്ചു എന്നും ‘ബോംബിന് മറുപടി ബോംബ്’ ആണെന്ന് യോഗത്തില്‍ പങ്കെടുത്തവരോട് പറഞ്ഞു എന്നും പറഞ്ഞതായി അസീമാനന്ദ ഡിസംബറില്‍ മജിസ്ട്രേറ്റിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍, കുറ്റസമ്മതം നടത്തിയ റിപ്പോര്‍ട്ട് സിബിഐ ചോര്‍ത്തിയതാണെന്ന് ആര്‍എസ്‌എസ് ആരോപിച്ചിരുന്നു.