അവധി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ബയണറ്റ് വയറ്റില്‍ കുത്തിയിറക്കി ഒറീസ സംസ്ഥാന പൊലീസ് സായുധ വിഭാഗത്തിലെ ഒരു കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തായി ആരോപണം. ഒറീസ കോണ്‍സ്റ്റബിള്‍സ് അസോസിയേഷനാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയത്.
കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീട്ടില്‍ പോകാനായി അവധി അനുവദിക്കണമെന്ന് ഒറീസ സായുധ പൊലീസിലെ മൂന്നാം ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ പ്രകാശ് ചന്ദ്ര ബാരിക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കൂടെയുള്ള രണ്ട് പേര് അവധിയിലായിരുന്നതിനാല്‍ അവധി അനുവദിക്കാന്‍ മേലുദ്യോഗസ്ഥര്‍ തയ്യാറായില്ല.
ഇതെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ പ്രകാശ് ചന്ദ്ര വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടിക്കിടെ ബയണറ്റ് വയറ്റില്‍ കുത്തിയിറക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി പ്രകാശ് മരിക്കുകയും ചെയ്തു.
എന്നാല്‍, കുടുംബ പ്രശ്നങ്ങള്‍ കാരണമാണ് പ്രകാശ് ആത്മഹത്യ ചെയ്തതെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ആത്മഹത്യയും അവധിയുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ഇവരുടെ നിലപാട്.