അഴിമതിയില്‍ മുങ്ങിക്കുളിച്ച് ബിജെപി, കേന്ദ്രത്തിലും രക്ഷയില്ല; വെങ്കയ്യ നായിഡുവിന്റെ മകനെതിരെയും മകള്‍ക്കെതിരേയും ആരോപണം

ചൊവ്വ, 25 ജൂലൈ 2017 (07:33 IST)
കേരളത്തിലെ ബിജെപിക്ക് മാത്രമല്ല കേന്ദ്രത്തിലെ ബിജെപിക്കും ഇപ്പോള്‍ ‘നല്ല കാലമാണ്’. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് ബിജെപി. കേരളത്തില്‍ നിന്ന് ഉയര്‍ന്ന മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം ചൂടുപിടിച്ചു നില്‍ക്കവേ തെലങ്കാനയില്‍ നിന്ന് അഴിമതിയുടെ പുതിയ കഥകള്‍ പുറത്തുവരുന്നു.
 
ഉപരാഷ്ട്രപതിയായേക്കുമെന്ന് കരുതുന്ന ബിജെപി മുതിര്‍ന്ന നേതാവ് വെങ്കയ്യനായിഡുവിന്റെ മകനും മകള്‍ക്കും  നേരെയാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2014ല്‍ പൊലീസ് വാഹനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി തെലങ്കാന സര്‍ക്കാര്‍ 270 കോടി രൂപയുടെ ഇടപാട് നടത്തിയിരുന്നു. ഇതില്‍ വെങ്കയ്യനായിഡുവിന്റെ മകന്‍ കൈകടത്തി അഴിമതി നടത്തിയെന്നാണ് ആരോപണം.
 
വെങ്കയ്യനായിഡുവിന്റെ മകന്റെ സ്ഥാപനമാണ് ഹര്‍ഷ ടൊയൊട്ട. തെലങ്കാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി കുറച്ച് വാഹനങ്ങല്‍ നല്‍കിയത് ഇദ്ദേഹമായിരുന്നു. ബാക്കിയുള്ള വാഹനങ്ങള്‍ നല്‍കിയത് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകന്റെ ഡീലര്‍ഷിപ്പ് കമ്പനിയും. ഇക്കാര്യത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
 
വെങ്കയ്യനായിഡുവിന്റെ മകളെയും വെറുതേവിട്ടിട്ടില്ല. മകള്‍ക്കെതിരെയും കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. മകള്‍ നടത്തുന്ന സ്ഥാപനം ഹൈദരാബാദ് മെട്രോപോളിറ്റന്‍ സൊസൈറ്റിക്ക് നല്‍കേണ്ട 2 കോടി രൂപ ഇളവ് ചെയ്തു കൊടുത്തു എന്നാണ് ആരോപണം.
 
എന്നാല്‍ വെങ്കയ്യനായിഡു തന്റെ മക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇതെന്ന് വെങ്കയ്യ നായിഡു പറയുന്നു.

വെബ്ദുനിയ വായിക്കുക