അമര്‍ സിംഗിന് ടെലഫോണ്‍ ഭീഷണി

തിങ്കള്‍, 6 ഏപ്രില്‍ 2009 (17:54 IST)
സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെ അധോലോക നായകന്‍ ഛോട്ടാ രാജന്‍റെ സംഘത്തില്‍ പെട്ട ആള്‍ ടെലഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ അറിയിച്ചതായി അമര്‍ സിംഗ് വെളിപ്പെടുത്തി.

സമാജ്‌വാദി പാര്‍ട്ടി നേതാവായ അബു അസിം അസ്മിയോട് അടുപ്പം വേണ്ടെന്ന് ടെലഫോണ്‍ ഭിഷണി മുഴക്കിയ ആള്‍ പറഞ്ഞതായി അമര്‍ സിംഗ് പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, ആഭ്യന്തര മന്ത്രി ജയന്ത് പട്ടീല്‍, ദേശ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നും അമര്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തനിക്കും അസ്മിക്കും ജയാ ബച്ചനും സഞ്ജയ് ദത്തിനും സുരക്ഷ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സിംഗ് വെളിപ്പെടുത്തി.

സംഭത്തിന്‍റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക