അനധികൃത സ്വത്ത് കേസില്‍ ലാലുവിന് ആശ്വാസം

വ്യാഴം, 1 ഏപ്രില്‍ 2010 (11:28 IST)
PRO
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രിദേവിയെയും വെറുതെ വിട്ട നടപടിക്കെതിരെ ബീഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ല എന്ന് സുപ്രീംകോടതി.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചിരുന്നത് സിബിഐ ആയിരുന്നു. 2006 ല്‍ ആണ് ഈ കേസില്‍ ലാലുവിനെയും ഭാര്യയെയും കോടതി വെറുതെ വിട്ടത്. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കാത്തതിനെ തുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ പട്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഇതെതുടര്‍ന്ന്, സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്കെതിരെ ലാലുപ്രസാദ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി ബീഹാര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കത്തക്കതല്ല എന്ന് നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിച്ച ഏജന്‍സി ആയ സിബിഐക്ക് മാത്രമേ ഇത്തരത്തില്‍ ഇനി ഹര്‍ജി നല്‍കാന്‍ സാധിക്കൂ എന്നും സുപ്രീംകോടതി ബിഹാര്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് കെജി ബാല്‍കൃഷ്ണന്‍, ജസ്റ്റിസുമാരായ ആര്‍‌എം ലോധ, ബി എസ് ചൌഹാന്‍ എന്നിവരാണ് ലാലുപ്രസാദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്.

ഇതോടെ, ലാലുപ്രസാദിനും ഭാര്യ റാബ്രിക്കും എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അവസാനിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക