പ്രവാചകനായ മുഹമ്മദ് നബി

ഇസ്ലാം മത സ്ഥാപകനാണ് മുഹമ്മദ് നബി. സൌദി അറേബ്യയിലെ മെക്കയില്‍ ക്രിസ്തുവര്‍ഷം 570- ലാണ് അദ്ദേഹത്തിന്‍റെ ജനനം. 632 ജൂണ്‍ എട്ടിന് അദ്ദേഹം മദീനയില്‍ അന്തരിച്ചു എന്നാണ് വിശ്വാസം.

അബുള്‍ കാസിം മുഹമ്മദ് ബിന്‍ അബ്ദല്ല അല്‍ ഹസല്‍ മി അല്‍ ഖുറേഷി എന്നാണ് അറബിയില്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം. ആദം, എബ്രഹാം തുടങ്ങിയവരുടെ ഏകദൈവ വിശ്വാസത്തെ അവികലമാക്കി പരിഷ്കരിച്ചത് മുഹമ്മദ് നബി ആയിരുന്നു.

ഇസ്ലാമിലെ അഞ്ച് പ്രമുഖ പ്രവാചകന്‍‌മാരില്‍ ഏറ്റവും പ്രധാനിയായാണ് മുഹമ്മദ് നബിയെ കണക്കാക്കുന്നത്. തത്വജ്ഞാനി, നയതന്ത്രജ്ഞന്‍, പ്രഭാഷകന്‍, കച്ചവടക്കാരന്‍, ഭരണകര്‍ത്താവ്, പടനായകന്‍, പരിഷ്കര്‍ത്താവ് എന്നിങ്ങനെ പല നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബിയുടേത്.

ഖുര്‍‌ആന്‍ ആണ് മുഹമ്മദ് നബിയെ കുറിച്ചുള്ള വിശ്വാസയോഗ്യവും പ്രാമാണികവുമായ അറിവു നല്‍കുന്ന സ്രോതസ്സ്. നാലാം നൂറ്റാണ്ടിലെ ചരിത്രകാരന്‍‌മാരുടെ രേഖകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അറിവു ലഭിക്കും.

ഖുറേഷ് ഗോത്രവര്‍ഗ്ഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ജനിക്കുന്നതിനു മുമ്പ് തന്നെ പിതാവായ അബ്ദുള്ള അന്തരിച്ചു. നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോള്‍ മാതാവും അന്തരിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അനാഥനായിപ്പോയ അദ്ദേഹത്തിന്‍റെ ബാല്യം കഷ്ടത നിറഞ്ഞതായിരുന്നു. പഠിക്കാനും കഴിഞ്ഞില്ല.


അമ്മാവന്‍ അബു താലിബ് ആയിരുന്നു അദ്ദേഹത്തെ വളര്‍ത്തിയത്. കച്ചവടക്കാരനായിരുന്ന അദ്ദേഹത്തോടൊപ്പം സിറിയയില്‍ എത്തിയപ്പോഴാണ് മുഹമ്മദ് നബി ക്രൈസ്തവ മതവുമായി പരിചയപ്പെടാന്‍ ഇടവന്നത്.

ഇരുപത്തഞ്ച് വയസ്സായപ്പോള്‍ ധനികയായ വിധവയും തന്നെക്കാള്‍ പതിനഞ്ച് വയസ്സോളം പ്രായം കൂടിയവളുമായ ഖദീജയുമായുള്ള വിവാഹം അമ്മാവന്‍ ഉറപ്പിച്ചു.

ചിന്താശീലനായ മുഹമ്മദ് നബി ഒഴിവു സമയം ഒറ്റയ്ക്ക് കഴിയാനായിരുന്നു ഇഷ്ടപ്പെട്ടത്. അദ്ദേഹം ലോകത്തെ കുറിച്ചും സഹജീവികളെ കുറിച്ചും അദ്ധ്യാത്മിക കാര്യങ്ങളെ കുറിച്ചും സദാ ചിന്തിച്ചുകൊണ്ടിരുന്നു. മെക്കയ്ക്ക് പുറത്തുള്ള ഹിറയിലെ ഒരു ഗുഹയിലാണ് അദ്ദേഹം അധിക സമയവും കഴിഞ്ഞത്.

അങ്ങനെ ഹിറാ ഗുഹയില്‍ ധ്യാനമഗ്നനായി കഴിയവേ നാല്‍‌പതാം വയസ്സിലാണ് അദ്ദേഹം പ്രവാചകനായി മാറുന്നത്. ഗുഹയില്‍ അദ്ദേഹത്തെ ഒരു ദൈവദൂതന്‍ കാണാനെത്തി. ദൈവദൂതന്‍ ചില ദിവ്യ വചനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. ഒട്ടേറെ ദൈവവചനങ്ങള്‍ ദൈവ ദൂതനില്‍ നിന്നും മുഹമ്മദ് നബി സ്വായത്തമാക്കി.

ഈ ദൈവ സ്തുതി ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്നുള്ളത് അദ്ദേഹം ജന്‍‌മദൌത്യമായി ഏറ്റെടുത്തു. ഭാര്യ ഖദീജ നബിയുടെ വാക്കുകള്‍ വിശ്വസിച്ചു. അങ്ങനെ ആദ്യത്തെ ഇസ്ലാമിക വിശ്വാസിയായി അവര്‍ മാറി. സുഹൃത്ത് അബൂബക്കര്‍, ബന്ധു അലി, അടിമയായിരുന്ന സയിദ് എന്നിവരും ക്രമേണ ഇസ്ലാമിക വിശ്വാസികളായി മാറി. രഹസ്യമായ ഇസ്ലാമിക പ്രചാരണം ക്രേകാലം നബിതുടര്‍ന്നു.


ഇതോടെ മുഹമ്മദ് നബിയുടെ ലോകം വിശാലമായി തുടങ്ങി. അദ്ദേഹം ദൈവത്തിന്‍റെ സന്ദേശം സഫാ മലയുടെ മുകളില്‍ കയറിനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഗിരിപ്രഭാഷണം മെക്കാ നിവാസികളുടെ കാതിലും മനസ്സിലും പതിഞ്ഞു. ഏതാണ്ട് പത്ത് കൊല്ലത്തോളം അദ്ദേഹം ഈ പ്രവര്‍ത്തി തുടര്‍ന്നു.

പക്ഷെ, ബഹുദൈവ വിശ്വാസികളായ ഖുറേഷികള്‍ മുഹമ്മദ് നബിയുടെ എകദൈവ സിദ്ധാന്തം ചെവിക്കൊണ്ടില്ല. സ്വന്തം അമ്മാവന്‍ നബിയെ ഭ്രാന്തനെന്നു വിളിച്ചു. അമ്മാവന്‍റെയും ഭാര്യ ഖദീജയുടെയും മരണത്തെ തുടര്‍ന്ന് നബിയുടെ നേര്‍ക്ക് മെക്കാ നിവാസികള്‍ കൂടുതല്‍ ക്രൂരമായി പെരുമാറാന്‍ തുടങ്ങി.

നബിയുടെ അനുയായികളെ പലരും വേട്ടയാടാന്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങളെ എതിര്‍ത്തതുകൊണ്ട് അവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടായി. നെഗുസ് എന്ന ക്രിസ്തീയ രാജാവിന്‍റെ സംരക്ഷണത്തിനായി പല അനുയായികളും ഹബ്ഷായിലേക്ക് മാറി. പിന്നെ കൂടുതല്‍ പേര്‍ മെക്ക വിട്ടുതുടങ്ങി.

അറുനൂറ്റി ഇരുപതാം ആണ്ടില്‍ യാത്രിബ് ഗോത്രത്തില്‍ പെട്ട ഭൂരിപക്ഷം പേരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ മുഹമ്മദ് നബിക്ക് കഴിഞ്ഞു. മദീന നഗരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ പണ്ഡിതനായ മുഹമ്മദ് നബിക്ക് കഴിയുമെന്ന് ഈ ഗോത്രക്കാര്‍ കരുതി. ജൂതന്‍‌മാരും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലായിരുന്നു പ്രശ്നം.

622 ല്‍ നബിയും അനുയായികളും മെക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവമാണ് ഇസ്ലാമിക് കലണ്ടറിന് തുടക്കമിട്ടത്. മദീനയിലെ കലഹിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെയും സ്ഥലവാസികളെയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ മുഹമ്മദ് നബി ശ്രമിച്ചു.

632 ല്‍ അദ്ദേഹം രോഗബാധിതനായി മരിച്ചു. അദ്ദേഹം മരിക്കുന്ന സമയത്ത് അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും ഇസ്ലാമിലേക്ക് മാറിയിരുന്നു.

വെബ്ദുനിയ വായിക്കുക