ഇന്ന് വിശുദ്ധ നബിദിനം

ലാ ഇലാഹ് ഇല്‍-അള്ളാഹ്, മുഹമ്മദ് ഉര്‍-റസൂല്‍ അള്ളാഹ്...

ഇന്ന് അവ്വല്‍ മാസത്തിലെ 12-ാം നാള്‍ !! ജീവിതം എങ്ങനെ ജീവിച്ചുതീര്‍ക്കണമെന്നും മാതൃകയായി ആരെ സ്വീകരിക്കണമെന്നും ലോകത്തിനു പറഞ്ഞുതന്ന ഖുറാന്‍റെ വിശുദ്ധ വെളിച്ചത്തെ സാക്ഷിനിര്‍ത്തി ഇന്ന് നബിദിനമാഘോഷിക്കുന്നു.

ലോകമെമ്പാടുമുള്ള മുസ്ളീങ്ങളുടെ ആരാധ്യപുരുഷന്‍ - പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനം, മിലാദ് -ഇ -ഷെരീഫായി ആഘോഷിക്കുന്നു. പ്രവാചകന്‍റെ പിറന്നാള്‍ ദിനമായതുകൊണ്ട് ഈ ദിവസം നബിദിനം എന്നാണ് കേരളത്തില്‍ അറിയപ്പെടുന്നത്.

അബ്ദുള്ളയുടെയും ആമിനയുടെയും പുത്രനായി അവ്വല്‍ മാസത്തിലെ 12-ാം നാള്‍ അറേബ്യയിലെ മെക്കയില്‍ മുഹമ്മദ് നബി ജനിച്ചു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. നബിയുടെ ജനനത്തിന് മുന്‍പ് ആമിനയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായി.മഹാനായ ഒരു പുത്രന്‍ നിനക്ക് പിറക്കാന്‍ പോകുന്നു എന്ന്!

ആരാധിക്കപ്പെടുന്നവര്‍ എന്നര്‍ത്ഥം വരുന്ന മുഹമ്മദ് എന്ന പേര് കുഞ്ഞിന് നല്‍കിയത് മുത്തച്ഛനായിരുന്നു. നബി ജനിക്കുന്നതിനു മുന്‍പ് പിതാവ് അബ്ദുള്ള മരിച്ചു. നബിക്ക് ആറു വയസ്സുിള്ളപ്പോള്‍ മാതാവും മരിച്ചു. അതിനാല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നബിക്ക് ലഭിച്ചില്ല.

സത്യം പറയുന്നവര്‍ എന്നും വിശ്വസ്തര്‍ എന്നും ചെറുപ്പത്തിലെ അറിയപ്പെട്ട മുഹമ്മദ് നബി 13-ാം വയസ്സില്‍ കച്ചവടത്തിനായി അയല്‍ രാജ്യങ്ങളില്‍ പോയി. സത്യസന്ധതയും വിശ്വസ്തതയും കൊണ്ടുതന്നെ നബി വലിയ കച്ചവടസംഘത്തിന്‍റെ തലവനായി മാറി.





നാല്പതാം വയസ്സില്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ ലഭിച്ച ചില ദര്‍ശനങ്ങള്‍ നബിയെ ലോകത്തിന്‍റെ പ്രവാചകനാക്കി മാറ്റുകയായിരുന്നു. ഏതാനും വര്‍ഷം രഹസ്യ പ്രബോധകനായ ശേഷം പരസ്യപ്രബോധനങ്ങള്‍ക്കിറങ്ങി. മെക്കയില്‍ അതോടെ ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചു.

622 സെപ്റ്റംബര്‍ 28ന് മെക്കയില്‍ നിന്നും മദീനയിലേക്ക് നബി പാലായനം ചെയ്തു. അന്നു മുതലാണ് ഹിജറാ വര്‍ഷം ആരംഭിക്കുന്നത്.

മദീനയില്‍ ശത്രുക്കളെക്കാളധികം അനുയായികളെ നബിക്ക് ലഭിച്ചു. ഇസ്ളാം വിശ്വാസം നിലനിര്‍ത്തുന്നതിനായി പല യുദ്ധങ്ങളിലും നബിക്ക് പങ്കെടുക്കേണ്ടിവന്നു.

മെക്കയുടെയും മദീനയുടെയും ഇടയിലുള്ള ബദറില്‍ വച്ച് നബിയുടെ അനുയായികളും ഖുറൈഷികളും തമ്മില്‍ നടന്ന യുദ്ധത്തില്‍ മുസ്ളീങ്ങള്‍ ജയിച്ചു. നബിക്ക് കൊല്ലത്തിലൊരിക്കല്‍ മെക്കയില്‍ പോയി ആരാധന നടത്താനുള്ള സൗകര്യം ഇതുമൂലം ലഭിച്ചു.

മെക്കയില്‍ രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ആഭ്യന്തരകലാപം നടന്നപ്പോള്‍ നബിയും വലിയൊരു അനുചരസംഘവും ചേര്‍ന്ന് മെക്ക പിടിച്ചെടുത്തു. അങ്ങനെ മദീനയോടൊപ്പം മെക്കയും നബിയുടെ നിയന്ത്രണത്തിലായി. സിറിയയും അയല്‍ രാജ്യങ്ങളും നബിയെ അംഗീകരിച്ചു.


മുഹമ്മദ് നബി പതിനൊന്ന് വിവാഹം കഴിച്ചു. ആദ്യ ഭാര്യ ഖദീജ. അവരുടെ മരണശേഷം മാത്രമാണ് മറ്റ് പത്ത് വിവാഹങ്ങളും ഉണ്ടായത്. നബിക്ക് ഏഴ് മക്കള്‍. മൂന്നാണും നാല് പെണ്ണും, അവര്‍ ചെറുപ്പത്തിലെ മരിച്ചു. 633 ജൂണ്‍ 8നാണ് നബി അന്തരിച്ചത്.

നബിദിന ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത് അവ്വല്‍ മാസത്തിന്‍റെ പിറവിയോടെയാണ്. ജീവിതത്തെക്കുറിച്ച് പുതിയ ദര്‍ശനം നല്‍കുന്ന മതപ്രഭാഷണ പരമ്പരകളാണ് മാസത്തിന്‍റെ ആദ്യത്തെ പന്ത്രണ്ട് ദിവസങ്ങളെ ധന്യമാക്കുന്നത്.

നബിദിനത്തിലെ പ്രധാന ചടങ്ങ് പ്രവാചകന്‍റെ മൗലൂദ് എന്നറിയപ്പെടുന്ന ജീവചരിത്രം ഉറക്കെ വായിക്കുന്നതാണ്. പ്രവാചക ചരിത്രം ഉരുവിടുന്നതും വായിച്ചുകേള്‍ക്കുന്നതും പുണ്യമായി വിശ്വാസികള്‍ കരുതുന്നു.

അഗതികള്‍ക്കുള്ള അന്നദാനം നബിദിനത്തില്‍ പ്രധാനമാണ്. അയല്‍വക്കത്തെ 40 വീടുകള്‍ പട്ടിണിയില്ലാതെ കഴിയുന്നു എന്ന് ഉറപ്പുവരുത്തുകയും വിശന്നിരിക്കുന്നവര്‍ക്ക് അന്നം നല്‍കുകയും ചെയ്യുന്നു. നബിദിനത്തോടനുബന്ധിച്ച് പള്ളികളി്വല്‍ പ്രത്യേക പ്രാര്‍ത്ഥനയും ഘോഷയാത്രകളും നടത്തുന്നു

വെബ്ദുനിയ വായിക്കുക