18നും 50നും ഇടയിലുള്ള തീർഥാടകർക്ക് മാത്രം ഉംറയ്‌ക്ക് അനുമതി

ശനി, 20 നവം‌ബര്‍ 2021 (19:55 IST)
സൗദി അറേബ്യയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയിൽ ആയിരിക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 
 
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരാൻ ഉംറ വിസ ലഭിക്കണമെങ്കിൽ അതത് രാജ്യങ്ങളിലെ ഔദ്യോഗിക ട്രാവൽ ഏജൻസികളെ ബന്ധപ്പെടണം. ഈ ഏജൻസികൾക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടാവണം.
 
 യാത്ര ചെയ്യുന്നതിന് മുൻപ് അംഗീകൃത കോവിഡ് വാക്സിന്റെ ഡോസുകൾ പൂർത്തിയാക്കിയിരിക്കണം. കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖകൾ സമർപ്പിക്കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി.
 
ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഖുദൂം’ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തുവേണം രാജ്യത്തേക്ക് വരാൻ. ഇവിടെ എത്തിയതിന് ശേഷം നേരിട്ട് പെർമിറ്റ് ലഭിക്കുന്ന സേവനം ലഭ്യമാകും. പുതിയ സേവനത്തിന് ഇഅ്തമർന, തവക്കൽനാ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണം.അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൂടെ കൊണ്ടുവരരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍