ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു നാദം...!

തിങ്കള്‍, 14 നവം‌ബര്‍ 2011 (12:00 IST)
PRO
PRO
വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദാസ് പാടിയ നീ എന്‍ സര്‍ഗ്ഗ സൌന്ദര്യമേ... എന്ന ഗാനത്തിന്റെ പല്ലവിയില്‍ ഒരു വരിയുണ്ട്, പാടുവാന്‍... നീ തീര്‍ത്ത മണ്‍വീണ ഞാന്‍.... അതേ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയങ്ങളില്‍ സംഗീതത്തിന്റെ തേന്മഴ പെയ്യിക്കാന്‍ വേണ്ടിയാണ് ദൈവം യേശുദാസിനെ സൃഷ്ടിച്ചത്. പ്രണയവും, വിരഹവും, വാത്സല്യവും മഴയും മഞ്ഞുകണവും അഗ്നിയുമെല്ലാം ആ മഹാപ്രതിഭയുടെ നാദമാധുര്യത്തിലൂടെ നാം ആവോളം അനുഭവിക്കുകയാണ്.

ഫോര്‍ട്ട് കൊച്ചിക്കാരനായ കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്ന മനുഷ്യന്‍ ഏഴ് സ്വരങ്ങളെ തഴുകിയുണര്‍ത്താനായി ജന്മം കൊണ്ടതായിരുന്നു. സംഗീതജ്ഞനായ പിതാവ് അഗസ്റ്റിന്റെ പിന്തുണയും അദ്ദേഹത്തിന് അനുഗ്രഹമായി. 1961 നവംബര്‍ 14-ന് മദ്രാസിലാണ് യേശുദാസ് ചലച്ചിത്രസംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചത്. 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ശ്രീനാരായണഗുരുദേവന്റെ കീര്‍ത്തനം അദ്ദേഹം പാടിയത് ഭരണി സ്റ്റുഡിയോയില്‍ വച്ചായിരുന്നു. ഇന്നും നിലയ്ക്കാത്ത ആ നാദവിസ്മയം അമ്പതാണ്ട് പിന്നിടുകയാണ്.

ഇന്ത്യയില്‍ കാശ്മീരി, ആസാമീസ് എന്നിവയൊഴിച്ച് ബാക്കി എല്ലാ ഭാഷകളിലും യേശുദാസ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. വിശേദഭാഷകളിലും അദ്ദേഹം പാട്ടുകള്‍ പാടി. ഒരുപാട് കഷ്ടതകളോട് പടവെട്ടിയാണ് യേശുദാസ് എന്ന പ്രതിഭ വളര്‍ന്നുവന്നത്. കല്ലിലും മുള്ളിലും ചവിട്ടിക്കയറിയാണ് അദ്ദേഹം സംഗീതസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായത്. ഏതൊരു ഗാനവും അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ എന്ത് ത്യാഗങ്ങള്‍ സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. സംഗീതവിദ്യാര്‍ഥികള്‍ക്ക് അദ്ദേഹത്തിനപ്പുറം മറ്റൊരു പാഠപുസ്തകമില്ല.

അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസിന്റെ ശബ്ദമധുരിയില്‍ പിറന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദാസിന്റെ കൈയൊപ്പ് പതിഞ്ഞ പാട്ടുകള്‍ പുതുതലമുറയും ഇന്ന് ആവോളം ആസ്വദിക്കുന്നു. കാലത്തെ അതിജീവിച്ച ആ ഗന്ധര്‍വദാനം നിത്യവസന്തമായി നിലനില്‍ക്കട്ടെ.

വെബ്ദുനിയ വായിക്കുക