അനശ്വരതയിലേക്കുയര്‍ന്ന ഞെരളത്ത്

സോപാനസംഗീതമെന്നു കേട്ടാല്‍ ഒരു പേരേ ഓര്‍മ്മവരൂ - ഞെരളത്ത് രാമപ്പൊതുവാളുടെ! അനശ്വരനായ കലാകാരനാണ് ഞെരളത്ത്.

സ്വന്തം സമര്‍പ്പണം കൊണ്ട് സോപാന സംഗീതമെന്ന ക്ഷേത്രകലയെ ജ-നകീയ അംഗീകാരത്തിന്‍റെ അത്യുത്തുംഗ പദവിയിലെത്തിച്ച അദ്ദേഹം സായൂജ്യത്തോടെയാണ് കൊട്ടിപ്പാട്ട് നിര്‍ത്തിപ്പിരിഞ്ഞത്. അത് 1996 ആഗസ്ത് 8 നായിരുന്നു.

ഞെരളത്തിന് പിന്‍തുടര്‍ച്ചക്കാരില്ല. അതിനൊരു മുന്‍കാലമോ പിന്‍കാലമോ ഇല്ല. അദ്ദേഹത്തിന്‍റെ കലാപാരമ്പര്യം തികച്ചും സ്വകീയമാണ്. ആ രംഗത്ത് ഒറ്റയാനായി അദ്ദേഹം നിലകൊള്ളുന്നു.

ഞെരളത്തിന്‍റെ പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണ് കേരളത്തിലൊരിടത്തും ഉണ്ടാവില്ല. കവി കുഞ്ഞിരാമന്‍ നായരെപ്പോലെ ഞെരളത്തും കേരളം മുഴുവന്‍ സഞ്ചരിച്ചു ; തന്‍റെ വാദ്യ സംഗീത സപര്യയുടെ കര്‍മ്മഭൂമിയാക്കി. കൊട്ടിപ്പാടി നടന്ന് അദ്ദേഹം കേരളത്തെ തീര്‍ത്ഥാടന ഭൂമിയാക്കി.

മെലിഞ്ഞുണങ്ങിയതെങ്കിലും തേജ-സ്സാര്‍ന്ന മുഖം,ഘനഗംഭീരമായ ശബ്ദം, വരപ്രസാദമുള്ള വിരലുകള്‍ - ഞെരളത്തിന്‍റെ ഈ രൂപം കേരളീയ സംസ്കാരത്തിന്‍റെ ചിഹ്നമായി മാറിയിരിക്കുന്നു.



കര്‍ണ്ണാടക സംഗീതത്തിന്‍റെ തനി കേരളീയമായ ശൈലീവിശേഷമാണ് സോപാനസംഗീത രീതി.

ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കയറിപ്പോകുന്ന പടികള്‍ക്ക് - സോപാനത്തിന് -മുമ്പില്‍ നിന്ന് കൊട്ടിപ്പാടുന്ന (ഇടയ്ക്ക) പാട്ടാണ് സോപാന സംഗീതം . കൊട്ടിപ്പാട്ടുസേവ എന്നാണിത് അറിയപ്പെട്ടിരുന്നത്.

കഥകളിയിലെ സംഗീതം സോപാന സംഗീതമാണ്. കേരളത്തിന്‍റെ സോപാന സംഗീതശൈലിയായി വാസ്തവത്തില്‍ അറിയപ്പെടേണ്ടിയിരുന്നത് ആളുകള്‍ കണ്ടുംകേട്ടും പരിചയിച്ച കഥകളി സംഗീതമായിരുന്നു.

പാലക്കാട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് ഞെരളത്ത്. നളപുരം എന്ന പേര് ലോപിച്ച് ഞെരളത്ത് ആയതാണെന്നാണ് വിശ്വാസം. മണ്ണാര്‍ക്കട്ടു നിന്നും അലനല്ലൂര്‍ക്ക് പോവുമ്പോള്‍ കോട്ടെക്കാടു നിന്നം തിരിഞ്ഞ് തിരുവിഴാം കുന്നിലേക്കുള്ള വഴിക്കാണ് ഈ ഗ്രാമം.

അവിടെയൊരു ശ്രീരാമ സ്വാമിക്ഷേത്രവുമുണ്ട്.ഈ ക്ഷേത്രത്തിലെ കൊട്ടിപ്പാട്ട് മുടങ്ങതിരിക്കാന്‍ മുത്തശ്ശിമാര്‍ പ്രാര്‍ഥിച്ചിട്ടാണ് രാമപ്പൊതുവാള്‍ ജനിച്ചത് എന്നാണ് കേള്‍വി . പക്ഷെ അങ്ങാടിപ്പുറത്തുകാരനായാണ് അദ്ദേഹം ജീവിച്ചത്.

അമ്മാവനായ ഞെരളത്ത് കരുണാകര പൊതുവാളായിരുന്നു രാമ പൊതുവാളിന്‍റെ ഗുരുവും വഴികാട്ടിയും. വള്ളുവനാട്ടിലെ വാദ്യ കുലപതിയായിട്ടായിരുന്നു അക്കാലത്ത് കരുണാകര പൊതുവാള്‍ അറിയപ്പെട്ടിരുന്നത്. ഇടക്ക തായമ്പക സോപാന സം ഗീതം എന്നിവയുടെ സുഖവും ലയവും പൊതുവാളിനേ നല്‍കാനാവൂ എന്നായിരുന്നു വിശ്വാസം.

നല്ലൊരു അഷ്ടപദിപാട്ടുകാരനാവാന്‍ കര്‍ണ്ണാടക സംഗീതം പഠിച്ചേ പറ്റൂ എന്നു വിശ്വസിച്ചതു കൊണ്ടു അദ്ദേഹം മരുമകനെ ചെമ്പേയുടെ ശിഷ്യനാക്കി. തനിമയാര്‍ന്ന കേരളീയ താള -ഈണ പദ്ധതികളുടെ അടിസ്ഥാനങ്ങള്‍ പരിചയിപ്പിച്ച് രമപ്പൊതുവാളെ സോപാന ഗായകനും ഇടക്ക വിദ്വാനു മാക്കിയതും അദ്ദേഹമായിരുന്നു.

ചെമ്പൈയുടെ ശിഷ്യനായിരുന്ന രാമപ്പൊതുവാള്‍, തന്‍റെ പാട്ടിനെ ചെമ്പൈ സംമ്പ്രദായത്തിലുള്ള ഭജ-നം എന്നാണ് പൊതുവാള്‍ വിശേഷിപ്പിച്ചിരുന്നത്. തന്‍റെ എല്ലാ ശ്രേയസ്സിനും കാരണം ഗുരുനാഥനായ ചെമ്പൈയാണെന്നദ്ദേഹം വിശ്വസിച്ചു.


അരങ്ങും ആല്‍ത്തറയും സോപാനം

പൈതൃകമായി കിട്ടിയ ഇടയ്ക്കവായനാ സിദ്ധിയും കര്‍ണ്ണാടക സംഗീത ജ-്ഞാനവും കാലക്രമത്തില്‍ അദ്ദേഹത്തെ പുതിയൊരു സംഗീത പ്രസ്ഥാനമാക്കി മാറ്റുകയായിരുന്നു. ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടിയും കളിയരങ്ങുകളില്‍ ഇടയ്ക്ക കൊട്ടിയും ഉത്സവമേളങ്ങളില്‍ പങ്കെടുത്തുമായിരുന്നു ഞെരളത്ത് തുടക്കത്തില്‍ ജ-ീവിച്ചുപോന്നത്.

ഞെരളത്തിന്‍റെ പാട്ടിലുള്ള കര്‍ണ്ണാടക സംഗീതത്തിന്‍റെ വശ്യമായ സ്വാധീനം അതിന് വല്ലാത്തൊരു തനിമയും ചാരുതയും നല്‍കി. അങ്ങനെയാണ് അദ്ദേഹത്തിന് പാട്ടിന് ആരാധകരുണ്ടായത്.

അവര്‍ അദ്ദേഹത്തെ സൗഹൃദ സദസ്സുകളിലേക്കും ജ-നമനസ്സുകളിലെ സോപാനങ്ങളിലേക്കും ആനയിച്ചു. ക്ഷേത്ര സോപാനങ്ങളില്‍ നിന്നു വിട്ട് കേരളത്തിലെ ഓരോ ആല്‍ത്തറയും ഓരോ അരങ്ങും സോപാനമാക്കി മാറ്റാന്‍ ഞെരളത്തിനു കഴിഞ്ഞു.

1926 ജ-നുവരി 25 ന് അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്‍റെ വലിയ സോപാനത്തിന് താഴെ ഞെരളത്തിന് കേരളത്തിലെ സഹൃദയര്‍ സ്നേഹാദരങ്ങള്‍ നല്‍കി - എണ്‍പതാം പിറന്നാളിന്. പിന്നെ ഏറെക്കാലം അദ്ദേഹം ജീവിച്ചില്ല.

അമ്പലത്തിനകത്തെ കൊട്ടിപ്പാട്ട് സേവയെ ജ-നകീയമാക്കി ക്ഷേത്രമതിലുകള്‍ക്ക് പുറത്തെത്തിച്ചു എന്നതാണ് ഞെരളത്ത് നടത്തിയ ജീവിത ദൗത്യം. കര്‍ണ്ണാടക സംഗീതത്തിന്‍റെ കലര്‍പ്പുള്ളതുകൊണ്ട് അദ്ദേഹം തനി സോപാനസംഗീതമായിരുന്നോ പാടിയിരുന്നത് എന്നൊരുകൂട്ടം സംഗീതപണ്ഡിതന്മാര്‍ ആശങ്കിക്കുന്നുണ്ട്.

എന്നാല്‍ സോപാന സം ഗീതത്തിനു സ്വകീയമാനം നല്ക്കി ഞെരളത്ത് സ്വന്തം ശൈലി ഉണ്ടാക്കി എന്നു വാഴ്ത്തുന്നതാവും നല്ലത്.

എന്തായാലും പരമ്പരാഗത ക്ഷേത്രകലാവിദ്വാനായ ഒരാള്‍ ജനകീയ കലാകാരനാവുന്നതും കലാപരമായ ഇതിഹാസമായി മാറുന്നതും ഞെരളത്തിന്‍റെ ജീവിതത്തിലൂടെ മാത്രം സംഭവിച്ച അത്ഭുതമാണ്

വെബ്ദുനിയ വായിക്കുക