കാല്പനികതയുടെ പിടിയില്‍ വല്ലാതെ അമര്‍ന്നുപോയ മലയാള കവിതാ ശാഖയെ ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍.1985 ഡീസംബര്‍ 22 ന് അദ്ദേഹം അന്തരിച്ചു .
എറണാകുളത്തെ കലൂരില്‍ 1911 മെയ് 11നാണ് ശ്രീധരമേനോന്‍ ജനിച്ചത്. മഹാരാജാസ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശ്രീധരമേനോന്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. ശ്രീ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിത്തുടങ്ങി.
പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു ശ്രീധരമേനോന്‍. 1947 ല്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്താണ് ആദ്യ കാവ്യ സമാഹാരം.
കന്നിക്കൊയ്ത്തോടെ മലയാളത്തില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയായിരുന്നു വൈലോപ്പിള്ളി. ആധുനികമായ ജിവിതബോധത്തിന്‍റെ വെളിച്ചത്തില്‍ കേരളീയനുഭവങ്ങളുടെ ആഴവും സങ്കീര്‍ണ്ണതയും അദ്ദേഹം ആവിഷ്കരിച്ചു. കനവും കാതലുമുള്ള കവിതകളായിരുന്നു വൈലോപ്പിള്ളിയുടേത്.
സാമൂഹ്യജീവിത ചിത്രീകരണത്തിന് പുതിയൊരു മാതൃക കാട്ടിയ കുടിയൊഴിക്കല്‍ എന്ന കവിതയില്‍ ആധുനിക ജീവിതത്തിലെ അസ്വാസ്ഥതകളും മൂല്യബോധ പരിവര്‍ത്തനവും ശക്തമായി ചിത്രീകരിച്ചു. കടല്‍ക്കാക്കകള്‍, യുഗപരിവര്‍ത്തനം, കണ്ണീര്‍പ്പാടം തുടങ്ങിയ വൈലോപ്പിള്ളി കവിതകള്‍ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തെ ആന്തികാനുഭൂതികളോടെ ആവിഷ്കരിച്ചവയാണ്.
യുക്തിചിന്ത, ശാസ്ത്രീയത, പുരോഗതി, പാശ്ഛാത്യാധുനികത, ചരിത്രപരത, നവലോകസ്വപ്നം തുടങ്ങിയ വൈലോപ്പിള്ളിയുടെ ഭാവനയില്‍ വാസന്തനാദം സൃഷ്ടിച്ചു. കാവ്യാത്മകമായ അച്ചടക്കവും സുനിയന്ത്രിതത്വവുമാണ് വൈലോപ്പിള്ളിക്കവിതകളുടെ പ്രത്യേകത.
കന്നിക്കൊയ്ത്ത്, ശ്രീരേഖ, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകള്‍, കുന്നിമണികള്‍, വിത്തും കൈക്കൊട്ടും, കടല്‍ക്കാക്കകള്‍, കുരുവികള്‍, കയ്പവല്ലരി, അന്തി ചായുന്നു, കൃഷ്ണമൃഗങ്ങള്‍, പച്ചക്കുതിര, മുകുളമാല, വിട, മകരക്കൊയ്ത്ത്, മിന്നാമിന്നി എന്നീ കവിതാസമാഹാരങ്ങളും ഋഷ്യശൃംഗനും അലക്സാണ്ടറും എന്ന നാടകവും കാവ്യലോകസ്മരണകള്‍ എന്ന ഓര്‍മ്മക്കുറിപ്പും രചിച്ചിട്ടുണ്ട്.
കയ്പവല്ലരിക്ക് കേരളസാഹിത്യ അക്കാദമി പുരസ്കാരം, വിടയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മകരക്കൊയ്ത്തിന് വയലാര്‍ അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.