ദേവ്‌: ജീവിതം സമരമാക്കിയ സാഹിത്യകാരന്‍

ഞായര്‍, 1 ജൂലൈ 2007 (13:00 IST)
നവോത്ഥാനകാലത്തെ നോവലെഴുത്തുകാരിലും ചെറുകഥാകാരന്മാരിലും അഗ്രഗണ്യനാണ്‌ പി. കേശവദേവ്‌.
നാടകകൃത്ത്‌ എന്ന നിലയിലും ശ്രദ്ധേയന്‍. 1905 ല്‍ വടക്കന്‍ പറവൂരില്‍ ജനിച്ച ദേവിന്‍റെ ഇരുപത്തിനാലാം ചരമ വാര്‍ഷികമാണ്‌ 2007 ജൂലൈ ഒന്ന്‌.

ജീവിതത്തെ സമരമായി കരുതിയ ദേവ്‌ സാമൂഹിക പ്രവര്‍ത്തരംഗത്തും സാഹിത്യത്തിലും വിപ്ലവകാരിയായിരുന്നു. എതിര്‍പ്പിനെ മുദ്രാവാക്യമായിത്തന്നെ അദ്ദേഹം അംഗീകരിച്ചിരുന്നു.

ആര്യസമാജ പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച ദേവ്‌ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‍റെ വക്താവാകുകുയം ചെയ്തു.

സാമൂഹികാനീതിയെയും യാഥാസ്ഥിതികത്വത്തെയും അദ്ദേഹം എതിര്‍ത്തു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ നേതാക്കളില്‍ ഒരായിത്തീര്‍ന്ന കേശവദേവ്‌ പില്‍ക്കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സാഹിത്യ മേധാവിത്വത്തിന്‌ എതിരായും ശബ്ദം ഉയര്‍ത്തി.

ദേവിന്‍റെ കൃതികളെല്ലാം സമകാലിക സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുന്നവയും പരിവര്‍ത്തനത്തിന് പ്രേരണ നല്‍കുന്നവയും ആയി.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ (1964) നേടിയ അയല്‍ക്കാര്‍ക്കു പുറമേ ഓടയില്‍ നിന്ന്‌, നടി, ഭ്രാന്താലയം, ഉലക്ക, സ്വപ്നം, കണ്ണാടി, അധികാരം, റൗഡി തുടങ്ങിയ നോവലുകളും , ഞാനിപ്പകമ്മ്യൂണിസ്റ്റാകും, മുന്നോട്ട്‌, ഒരു മുറി തേങ്ങ തുടങ്ങിയ നാടകങ്ങളും ഏതാനും ചെറുകഥാ സമാഹാരങ്ങളും, എതിര്‍പ്പ്‌, തിരിഞ്ഞുനോട്ടം എന്നീ ആത്മകഥാ പുസ്തകങ്ങളും ഒരു ഗദ്യകവിതാ സമാഹാരവും നോവലിനെക്കുറിച്ചുള്ള ഒരു സാഹിത്യ പ്രബന്ധവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ചെറുകഥാകാരനായിട്ടാണ്‌ രംഗത്തുവന്നതെങ്കിലും ഇന്ന്‌ സ്മരിക്കപ്പെടുന്നതു നോവലിസ്റ്റ്‌ ആയിട്ടാണ്‌.

തീവ്രമായ ആദര്‍ശപരത, എഴുത്തുകാരന്റെ വീക്ഷണഗതിയുടെ പ്രത്യക്ഷവും തീക്ഷണവുമായ പ്രദര്‍ശനം, പലപ്പോഴും അതിഭാവുകത്വത്തിലേയ്ക്കോ വാചാലതയിലേയ്ക്കോ വഴുതി വീഴുന്ന വികാരസാന്ദ്രത, കാവ്യാത്മകവും മൂര്‍ച്ചയേറിയതുമായ ഭാഷ എന്നിവ ദേവിന്റെ കൃതികളുടെ മുഖ്യ സവിശേഷതയാണ്‌.

സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്‍റ്‌, സാഹിത്യ പരിഷത്ത്‌, നിര്‍വാഹക സമിതി അംഗം, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്. സോവിയറ്റ്‌ ലാന്‍ഡ്‌ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക