ഹൃദയത്തില്‍ നന്‍‌മയുടെ കയ്യൊപ്പുള്ള കഥാപാത്രമായി മമ്മൂട്ടി!

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (15:54 IST)
മറ്റുള്ളവരുടെ തിരക്കഥയില്‍ രഞ്ജിത് സിനിമകള്‍ സംവിധാനം ചെയ്യുന്നത് അപൂര്‍വമാണ്. ‘ലീല’ എന്ന സിനിമയ്ക്ക് ഉണ്ണി ആറിന്‍റെ തിരക്കഥയായിരുന്നു. മമ്മൂട്ടി നായകനായ ‘കയ്യൊപ്പ്’ എന്ന സിനിമയ്ക്ക് അംബികാസുതന്‍ മാങ്ങാടാണ് തിരക്കഥയെഴുതിയത്.
 
കയ്യൊപ്പിന്‍റെ കഥ രഞ്ജിത്തിന്‍റേതായിരുന്നു. ബാലചന്ദ്രന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞുനിന്ന സിനിമയില്‍ ഖുഷ്ബു ആയിരുന്നു നായിക. ബാലചന്ദ്രനും ഖുഷ്ബു അവതരിപ്പിച്ച പദ്മ എന്ന നായികയും തമ്മിലുള്ള പ്രണയത്തിന്‍റെ അതീവ ഭംഗിയാര്‍ന്ന ആവിഷ്കരണമാണ് കയ്യൊപ്പിനെ എന്നും ഓര്‍മ്മിക്കപ്പെടുന്ന സിനിമയാക്കുന്നത്.
 
മുകേഷ്, മാമുക്കോയ, നീന കുറുപ്പ്, നെടുമുടി വേണു തുടങ്ങിയവര്‍ക്കും പ്രാധാന്യമുള്ള വേഷങ്ങളാണ്. ജാഫര്‍ ഇടുക്കിയും തിളങ്ങിയ ചിത്രമായിരുന്നു കയ്യൊപ്പ്. 
 
ചില സാഹചര്യങ്ങളില്‍ മനുഷ്യരുടെ നിസഹായാവസ്ഥയാണ് കയ്യൊപ്പ് എന്ന സിനിമ പറയുന്നത്. എല്ലാ പ്രതീക്ഷകള്‍ക്കും നന്‍‌മകള്‍ക്കും മേല്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുന്ന തിന്‍‌മയെ സംവിധായകന്‍ വരച്ചിടുന്നു.
 
സിനിമ കണ്ട് എത്രകാലം കഴിഞ്ഞാലും ‘ജല്‍‌തേ ഹൈ ജിസ്‌കേ ലിയേ’ എന്ന ഗാനത്തിന്‍റെയും ആ ഗാനരംഗത്തിന്‍റെയും ഭംഗി മറക്കാന്‍ കഴിയില്ല. വിദ്യാസാഗറായിരുന്നു സംഗീതം. കയ്യൊപ്പിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ള. 
 
2007 ജനുവരി 26ന് റിലീസായ കയ്യൊപ്പ് സാമ്പത്തികവിജയം നേടിയ ഒരു മമ്മൂട്ടിച്ചിത്രമല്ല. എന്നാല്‍, മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ ഈ ചെറിയ സിനിമയും ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍