മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ സംവിധായകനാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് നൽകിയത് തമ്പി കണ്ണന്താനം ആയിരുന്നു. തമ്പി കണ്ണന്താനത്തിന്റെ വിയോഗത്തിൽ മലയാള സിനിമയിലെ മോഹൻലാൽ, മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് അനുശോചനം അറിയിച്ചത്.
എന്നാൽ, മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ രാജാവിന്റെ മകന്റെ കഥ ശരിക്കും മമ്മൂട്ടിയെ മനസ്സിൽ കണ്ടുകൊണ്ടായിരുന്നു എഴുതിയത്. ആ നേരം അല്പ ദൂരം എന്ന ചിത്രത്തിന്റെ പരാജയവും നേരിട്ടിരിക്കുന്ന സമയത്താണ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മമ്മൂട്ടിയെ മനസ്സിൽ കണ്ട് ‘രാജാവിന്റെ മകന്റെ’ കഥ തമ്പിക്ക് നൽകുന്നത്.
തിരക്കഥ മമ്മൂട്ടിക്കിഷ്ടമായി. എന്നാൽ, തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന താങ്കളുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല എന്നായിരുന്നു തമ്പിയോട് അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ മറുപടി കേട്ട് ക്ഷുഭിതനായ സംവിധായകന്‍ പറഞ്ഞു, 'നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ വച്ച് ചെയ്യും. പിന്നെ നിന്റെ അവസാനമായിരിയ്ക്കും. ഈ സിനിമ റിലീസ് ചെയ്താല്‍ നീ ഒരിക്കുലും അവന് മുകളിലാകില്ല' എന്ന് തമ്പി മമ്മൂട്ടിയോട് പറഞ്ഞു. തമ്പി മറ്റവന്‍ എന്ന് വിശേഷിപ്പിച്ച നടന്‍ മോഹന്‍ലാലും. തമ്പി പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു.