ഗോഡ്ഫാദറിന് വയസ്സ് 25!

ചൊവ്വ, 15 നവം‌ബര്‍ 2016 (14:12 IST)
അഞ്ഞൂറാനെ ഓർമയുണ്ടോ? ആനപ്പാറ അച്ചമ്മയേയോ? എങ്ങനെ മറക്കും അല്ലേ?. മലയാളികൾക്ക് ചിരിച്ച് ചിരിച്ച് എന്നും ഓർക്കാൻ സിദ്ദിഖ് - ലാൽ ഒരുക്കിയ 'ഗോഡ്ഫാദർ' ആർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലെ എക്കാലത്തേയും കോമഡി ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും മുൻപന്തിയിലാണ് ഗോഡ്ഫാദർ. ഗോഡ്ഫാദറിന് ഇന്നേക്ക് 25 വയസ്സ്. 1991ലെ ഒരു മഴക്കാലത്തായിരുന്നു അഞ്ഞൂറാനും മക്കളും പോരിനിറങ്ങിയത്.  
 
ഞായറാഴ്ച ഒരു പടത്തിന്റെ ഷൂട്ടിങ് തുടങ്ങിയാൽ ആ പടം എട്ടു നിലയിൽ പൊട്ടുമെന്നൊരു സങ്കൽപം മലയാള സിനിമയിൽ ഉണ്ടായിരുന്നു. ആ അന്ധവിശ്വാസത്തെ എട്ടുനിലയിൽ പൊട്ടിച്ച ഒരു ഒന്നൊന്നര അമിട്ട് തന്നെയായിരുന്നു ഗോഡ്ഫാദർ. ചിരിയുടെ വെടിക്കെട്ട് സമ്മാനിച്ച ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു തിയ്യറ്ററില്‍ 417 ദിവസം തുടര്‍ച്ചയായി ഓടിയ ചിത്രം, അതാണ് ഗോഡ്ഫാദർ.
 
എത്ര കണ്ടാലും മടുക്കാത്ത ഒരുപാട് ഹാസ്യ രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ സിനിമകളിൽ ടോയിലറ്റ് ജോക്കുകളും ദ്വയാർഥ പ്രയോഗങ്ങളും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ചിരികൾക്കിടയിൽ ഇന്നും ആശ്വാസമാണ് ഇത്തരം രംഗങ്ങളും സിനിമകളും എന്നത് സത്യം. പകയും, പ്രണയവും, ഒളിച്ചുകളിയും ഒടുവിൽ കീഴടങ്ങലും അതായിരുന്നില്ലേ ചിരി മാത്രം സമ്മാനിച്ച ഈ സിനിമ കാണികൾക്ക് നൽകിയത്.
 
ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഗോഡ്ഫാദറിനെ തേടിയെത്തിയതിൽ അതിശയിക്കാൻ ഒന്നും ഇല്ല. അതർഹിക്കുന്നുണ്ട്. ദൃശ്യഭംഗിക്കൊപ്പം കാതിനു കുളിർമയേകുന്ന ഗാനങ്ങൾ സമ്മാനിക്കാനും ഈ ചിത്രം മറന്നില്ല. പ്രശസ്ത നാടകകൃത്തും നടനുമൊക്കെയായിരുന്ന യശഃശരീരനായ എൻ എൻ പിള്ള അഭിനയിച്ച ആദ്യത്തെ സിനിമയാണ് ഇതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. എന്തായിരുന്നു അഭിനയം. പ്രശസ്ത തെന്നിന്ത്യന്‍ നടി കനകയെ മലയാളത്തിനു പരിചയപ്പെടുത്തിയ ചിത്രം കൂടിയാണിത്.
 
അഞ്ഞൂറാന്റേയും ആനപ്പാറ അച്ചാമ്മയുടെ കുടിപ്പകയുടെ കഥ നർമത്തിൽ പൊതിഞ്ഞ രസക്കൂട്ടുകളോടെ പറഞ്ഞപ്പോൾ അതുകേട്ട് ചിരിക്കാതിരിക്കാൻ ഒരു മലയാളിക്കും കഴിയില്ല. റൊമാന്‍സ്, ആക്ഷന്‍, കോമഡി എന്നീ ചേരുവ പാകത്തിന് ചേര്‍ത്ത് എൻ എൻ പിള്ള, ഫിലോമിന, തിലകന്‍, ഇന്നസെന്റ്, മുകേഷ്, സിദ്ധിക്ക്, ശങ്കരാടി, കെ പി എ സി ലളിത എന്നിങ്ങനെ ഒരുപിടി മികച്ച നടീനടന്മാരുടെ മികവിന്റെ അകമ്പടിയോടെ നമ്മുടെ മുന്നില്‍ എത്തിച്ച ഈ ചിത്രത്തിന്റെ സംവിധായകർക്ക് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാവുന്ന ചിത്രം. 
 
ആനയെ കൊണ്ട് പനിനീര് തെളിപ്പിക്കാന്‍ നോക്കുന്ന അച്ചാമ്മയുടെ ആ രംഗമൊക്കെ മറക്കാന്‍ കഴിയുമോ? തിലകന്‍ എന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന് തന്നെയാണ് ബലരാമൻ. ആരെയും കൂസാത്ത, സ്വന്തം അച്ഛന്റെ മുന്നില്‍ മാത്രം മുട്ട് മടക്കുന്ന ബലരാമന്‍. സുഹൃത്തിന് വേണ്ടി എത്ര തല്ലു കൊള്ളാനും മടിയില്ലാത്ത ഉണ്ടക്കണ്ണന്‍ മായിന്‍കുട്ടി ആയി ജഗദീഷ് തകര്‍ത്തു. അതല്ലേലും അങ്ങനെ തന്നെ ആയിരുന്നല്ലോ. മനം മറന്ന് ആസ്വദിക്കാൻ കഴിയുന്ന ഗോഡ്ഫാദറിന് 25 വയസ്സായെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?

വെബ്ദുനിയ വായിക്കുക