ദീപ മോളും ടെലിഫോൺ അങ്കിളും - ഓർമ്മകൾ പങ്കുവച്ച് ഗീതു മോഹൻദാസ്

കെ ആര്‍ അനൂപ്

വ്യാഴം, 25 ജൂണ്‍ 2020 (15:25 IST)
1986ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒന്നു മുതൽ പൂജ്യം വരെ. അഞ്ച് വയസ്സുകാരിയായ ഗീതു മോഹൻ ദാസിന് സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രം കൂടി ആയിരുന്നു ഇത്. തൻറെ ആദ്യചിത്രം കൂടിയായ ഈ സിനിമയുടെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ഗീതു മോഹൻദാസ്. സിനിമയുടെ ഓഡിയോ കാസറ്റിന്‍റെ ചിത്രം സഹിതമാണ് താരത്തിന്റെ  പോസ്റ്റ്.
 
അതിഥികൾ ആരും വരാനില്ലാത്ത വീട്ടിലേക്ക് വരുന്ന ഫോൺ കോളുകളുടെ ശബ്ദത്തിലൂടെ എത്തുന്ന ടെലിഫോൺ അങ്കിളിനെയും, അങ്കിളിനെ കാത്തിരിക്കുന്ന ദീപ മോളെയും മലയാളം സിനിമ ആസ്വാദകർ ഇന്നും നെഞ്ചോട് ചേർത്തു വയ്ക്കുന്നു. മോഹൻലാലിന്‍റെയും ബേബി ഗീതുവിന്‍റെയും കോമ്പിനേഷൻ സീനുകൾ ആരെയും കണ്ണു നനയിക്കും. ചിത്രത്തിലെ ഓരോ സീനുകളും ഇന്നും മായാതെ സിനിമാപ്രേമികളുടെ മനസ്സിലുണ്ട്.
 
ഒഎൻവി കുറുപ്പിന്‍റെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന അതിമനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. രഘുനാഥ് പലേരിയുടെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയത്. ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും രഘുനാഥ് പലേരി തന്നെയാണ് നിർവഹിച്ചത്. 
 
ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഗീതുമോഹൻദാസ് പിന്നീട് സംവിധായിക എന്ന നിലയിലും പേരെടുത്തു. ലയേഴ്സ് ഡയസ്, മൂത്തോൻ എന്നീ സിനിമകൾ ഗീതുവിൻറെ സംവിധാനത്തിൽ പിറന്നതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍