ശ്വാസം നിലച്ച മലയാള സിനിമ, മമ്മൂട്ടിയെന്ന നടന്റെ അസാധ്യമായ തിരിച്ച് വരവ്!

ചിപ്പി പീലിപ്പോസ്

ശനി, 30 നവം‌ബര്‍ 2019 (11:14 IST)
ഒരുലാകത്ത് മമ്മൂട്ടിയെന്ന നടൻ തൊടുന്നതെല്ലാം പരാജയമായി മാറിയിരുന്നു. മമ്മൂട്ടിയുടെ കരിയർ തന്നെ അവസാനിച്ചെന്ന് കരുതിയിരുന്നു പലരും. അങ്ങിനെ ശരിക്കും ശ്വാസം നിലച്ച് പോയ ഒരാളെ ജീവൻ തിരിച്ചുകൊണ്ടു വരിക എന്ന ദൗത്യമായിരുന്നു ഡെന്നീസ് ജോസഫ്  'ന്യൂഡെൽഹി'യിൽ ഏറ്റെടുത്ത് വിജയിപ്പിച്ചത്. ആ തിരിച്ച് വരവിന് ശേഷമുള്ള നീണ്ട അതിജീവനം മമ്മുട്ടിയുടെ ആത്മാർപ്പണം കൊണ്ട്  തന്നെയാണ് സാധ്യമായതെന്നതിൽ തർക്കമില്ല.   
 
മമ്മൂട്ടിയുടെ തിരിച്ച് വരവിനെ കുറിച്ച് ഒരുകാലത്തെ പ്രൊഡക്ഷൻ ഡിസൈനർ ഗായത്രി അശോക് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.
 
ന്യൂഡൽഹിയുടെ വൻ വിജയം മലയാള സിനിമയ്ക്ക് തന്നെ പുത്തൻ ഉണർവ് നൽകുന്നതായിരുന്നു. എല്ലാവരും സ്നേഹാദരങ്ങളോടെ തന്നെ കണ്ടിരുന്ന ആർട്ടിസ്റ്റ് ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വന്ന പാളിച്ചകൾ എല്ലാവരേയും ബാധിച്ചതാണ്. ജോഷി, ജോയ് തോമസ്, ഡെന്നീസ് തോമസ് അടക്കം എന്നേ പോലുള്ളവരേയും ബാധിച്ചിരുന്നു. ഞങ്ങൾക്കെല്ലാം പുത്തൻ ഉണർവ് നൽകിയതായിരുന്നു മമ്മൂട്ടിയുടെ തിരിച്ച് വരവ്. അതിശക്തമായ തിരിച്ച് വരവായിരുന്നു അത്.
 
മമ്മൂട്ടി അതോടൊപ്പം തന്നെ തന്റെ അഭിനയങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി. അത് അദ്ദേഹത്തെ മനസിലാക്കുന്നവർക്ക് മാത്രം തിരിച്ചറിയാൻ പറ്റുന്ന കാര്യമാണ്. സി ബി ഐ ഡയറിക്കുറിപ്പ്, സംഘം, മനു അങ്കിൾ തുടങ്ങിയ സിനിമകൾ സെലക്ട് ചെയ്ത് മാസ് അപ്പീൽ ഉണ്ടാക്കാൻ മമ്മൂട്ടി കഴിഞ്ഞു. അത്തരം സിനിമകൾ റിലീസിനു മുന്നേ തന്നെ ഉറപ്പിക്കാവുന്നതാണ് ഷുവർ ഹിറ്റാണെന്ന്. 
 
അത്തരം മാസ് സിനിമകൾക്ക് ഡേറ്റ് നൽകുന്നതിനോടൊപ്പം തന്റെ അഭിനയ കഴിവ് പുറത്തുവരുന്നത്തക്ക സിനിമകൾക്കും മമ്മൂട്ടി ഡേറ്റ് നൽകുമായിരുന്നു. കോമേഴ്സ്യലി വിജയിക്കാത്ത ചിത്രങ്ങളിൽ പോലും അദ്ദേഹം തന്റെ മികച്ച അഭിനയത്തിനായി ഡേറ്റ് നൽകുന്നത് ആ സമയത്താണ്. അത്തരത്തിൽ മമ്മൂട്ടി ഡേറ്റ് നൽകിയ ചിത്രമാണ് അടൂരിന്റെ അനന്തരം.
 
മമ്മൂട്ടി പറഞ്ഞിട്ടാണോ എന്ന് ഉറപ്പില്ല, ഒരുദിവസം അടൂർ എന്നെ വിളിച്ചു. ഒന്ന് കാണണമെന്ന് പറഞ്ഞു. വല്ലാത്ത സന്തോഷമായി. അടൂരാണ് എന്നെ വിളിച്ചിരിക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. പോകുമ്പോൾ എനിക്ക് അദ്ദേഹത്തിന്റെ ചിത്രം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അനതരം റിലീസിനു മുന്നേ കാണാനും അവസരം കിട്ടി. അങ്ങനെ അനന്തരം കണ്ടു. 
 
പലർക്കും കണ്ടിട്ട് വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ചിത്രമാണ് അനന്തരം. വല്ലാത്തൊരു മേക്കിംഗ് ആയിരുന്നു ആ ചിത്രം. മമ്മൂട്ടിയും ശോഭനയും ഉണ്ടായിരുന്നെങ്കിലും അശോകനായിരുന്നു ലീഡ് റോൾ ചെയ്തിരുന്നത്. അശോകന്റെ മികച്ച വേഷമായിരുന്നു അത്. മമ്മൂട്ടിയുടേതും. 
 
അതിനുശേഷം സിബിയും ലോഹിതദാസും തനിയാവർത്തനം ചിത്രത്തിനായി എന്നെ സമീപിച്ചു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് മുഴുവൻ എന്നെ വായിച്ച് കേൾപ്പിച്ചു. തീവ്രമായ ബന്ധങ്ങൾ പറയുന്ന ചിത്രമാണ് തനിയാവർത്തനം. ലോഹിയെ എങ്ങനെ അഭിനന്ദിക്കണം എന്നെനിക്കറിയില്ലായിരുന്നു. ഗംഭീരമെന്ന് പറഞ്ഞു. ഈ പടം ചെയ്യാമെന്ന് ഞാനേറ്റു. പിൽക്കാലത്ത് തിരക്കഥ ലോഹിതദാസ് എന്ന പേര് പ്രഗൽഭരായ സംവിധായകരുടെ പേരിനൊപ്പം ചെയ്യാൻ കഴിഞ്ഞു. പിന്നീട് ലോഹി സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ഭൂതക്കണ്ണാടി. വാച്ച് നന്നാക്കുന്നയാളുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മമ്മൂട്ടിയുടെ അപാര സിനിമകളിൽ ഒന്നായിരുന്നു അത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍