മാണിക്യക്കല്ല് കൈവിട്ടുപോയി, ഒളിവിലെ ഓര്‍മ്മകള്‍ ലോഹിയുടെ മരണത്തോടെ ഇല്ലാതായി; ശ്രീനിവാസന്‍റെ തിരക്കും പ്രശ്നമായി - അജയന്‍ മറയുമ്പോള്‍ ഇല്ലാതാകുന്നത് അദ്ദേഹത്തിന്‍റെ സ്വപ്നപദ്ധതികളും

വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:50 IST)
പെരുന്തച്ചന്‍ വലിയ വിജയമായതോടെ ഒരുപാട് മികച്ച പ്രൊജക്ടുകള്‍ സംവിധായകന്‍ അജയന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിലൊന്നായിരുന്നു എം ടിയുടെ തിരക്കഥയിലുള്ള ‘മാണിക്യക്കല്ല്’. ഗുഡ്നൈറ്റ് മോഹന്‍ ആയിരുന്നു ആ ചിത്രത്തിന് പണം മുടക്കാനായി വന്നത്.
 
ഒരുപാട് ഗ്രാഫിക്സ് ജോലികള്‍ ആവശ്യമുള്ള പ്രൊജക്ട് ആയിരുന്നു അത്. അതിനായി അമേരിക്കയും ലണ്ടനുമൊക്കെ അജയനും ഗുഡ്നൈറ്റ് മോഹനും ക്യാമറാമാന്‍ മധു അമ്പാട്ടും സന്ദര്‍ശിച്ചു. പക്ഷേ പല കാരണങ്ങളാല്‍ മാണിക്യക്കല്ല് യാഥാര്‍ത്ഥ്യമായില്ല.
 
അഞ്ചുവര്‍ഷത്തിലധികം അജയന്‍ ആ സിനിമയ്ക്കായി പരിശ്രമിച്ചു. അത് സാധ്യമാകാതെ പോയത് അജയനെ തളര്‍ത്തി. പിന്നീട് ആ വേദനയില്‍ ജീവിതം ഒതുങ്ങിപ്പോകുകയായിരുന്നു.
 
അച്ഛന്‍ തോപ്പില്‍ ഭാസിയുടെ ‘ഒളിവിലെ ഓര്‍മ്മകള്‍’ സിനിമയാക്കാനും അതിനിടെ അജയന്‍ ശ്രമിച്ചിരുന്നു. എഴുത്തില്‍ തോപ്പില്‍ ഭാസിയെ ഗുരുവായി കാണുന്ന ലോഹിതദാസാണ് തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത്.
 
എന്നാല്‍ ലോഹിയുടെ അപ്രതീക്ഷിത മരണം ആ പ്രൊജക്ടിന് തിരിച്ചടിയായി. പിന്നീട് ഒളിവിലെ ഓര്‍മ്മകള്‍ക്ക് തിരക്കഥ എഴുതാന്‍ ശ്രീനിവാസനെ സമീപിച്ചു. ശ്രീനി സമ്മതിച്ചതുമാണ്. എന്നാല്‍ പെട്ടെന്നെഴുതാന്‍ പറ്റില്ലെന്നും കുറച്ച് സാവകാശം തരണമെന്നും ശ്രീനിവാസന്‍ ആവശ്യപ്പെട്ടു.
 
പക്ഷേ, മനസിലെ സ്വപ്നപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ ഇപ്പോള്‍ അജയന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. സ്വപ്നങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയെങ്കിലും അജയനെ ഏവര്‍ക്കും എന്നുമോര്‍ക്കാന്‍ ഒരേയൊരു വിലാസം മതി - പെരുന്തച്ചന്‍റെ സംവിധായകന്‍ !

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍