2014ലെ ഏറ്റവും മികച്ച നടന്‍

ശനി, 27 ഡിസം‌ബര്‍ 2014 (19:33 IST)
കഴിഞ്ഞ വര്‍ഷം വരെ 'ന്യൂജനറേഷന്‍ താരങ്ങള്‍' എന്ന കള്ളിയില്‍ കുടുങ്ങിക്കിടന്ന ചില അഭിനേതാക്കള്‍ മലയാള സിനിമയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരാണെന്ന് തെളിയിച്ച വര്‍ഷമായിരുന്നു 2014. പഴയ പടക്കുതിരകള്‍ പലരും രംഗത്തുണ്ടെങ്കിലും അവര്‍ കിതപ്പടക്കാന്‍ പാടുപെടുന്ന കാഴ്ചയ്ക്കും ഈ വര്‍ഷം സാക്‍ഷ്യം വഹിച്ചു. സൂപ്പര്‍സ്റ്റാറുകളില്‍ ചിലര്‍ക്ക് ചുവടുപിഴച്ചപ്പോല്‍ അസാധാരണ മെയ്‌വഴക്കത്തോടെ ചിലര്‍ പരാജയത്തെ പഴങ്കഥയാക്കുന്നതും കണ്ടു.
 
ഈ വര്‍ഷം മലയാള സിനിമയില്‍ മികച്ച പ്രകടനവും മികച്ച ബോക്സോഫീസ് വിജയവും നേടിയ താരങ്ങള്‍ ആരൊക്കെയാണ്? മലയാളം വെബ്‌ദുനിയ വിലയിരുത്തുന്നു. കമന്‍റുകളുമായി വായനക്കാര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
14. മോഹന്‍ലാല്‍
 
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മോശം വര്‍ഷങ്ങളിലൊന്നായിരുന്നു 2014. ദൃശ്യം എന്ന ഗംഭീര വിജയത്തിന്‍റെ പകിട്ടോടെ പുതുവര്‍ഷത്തേക്ക് കാലെടുത്തുവച്ച മഹാനടന് പക്ഷേ ഈ വര്‍ഷം തൊട്ടതെല്ലാം പിഴച്ചു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി. മൂന്ന് ദയനീയ പരാജയ സിനിമകളാണ് ഈ വര്‍ഷം മോഹന്‍ലാലിന്‍റേതായി പുറത്തുവന്നത്.
13. കുഞ്ചാക്കോ ബോബന്‍
 
ആറ് സിനിമകള്‍ കുഞ്ചാക്കോ ബോബന്‍റേതായി ഈ വര്‍ഷം ഉണ്ടായിരുന്നു. 'ഹൌ ഓള്‍ഡ് ആര്‍ യു'വിലെ രാജീവ് എന്ന കഥാപാത്രമായി പക്വതയാര്‍ന്ന പ്രകടനം നടത്തിയാണ് ചാക്കോച്ചന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കൊഞ്ചയും പൂണൂലും, പോളിടെക്നിക്, ലോപോയിന്‍റ്, ഭയ്യാ ഭയ്യാ, കസിന്‍സ് എന്നിവ തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. ഇവയില്‍ ഭയ്യാ ഭയ്യായും കസിന്‍സും ബിഗ് ബജറ്റ് സിനിമകളായിരുന്നു.
12. സുരേഷ്ഗോപി
 
സിനിമയില്‍ അത്ര സജീവമല്ലാത്ത സുരേഷ്ഗോപി സാമൂഹ്യ ഇടപെടലുകളിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. സലാം കശ്മീര്‍, അപ്പോത്തിക്കരി, ദി ഡോള്‍‌ഫിന്‍സ് എന്നിവയാണ് സുരേഷ്ഗോപിയുടേതായി 2014ല്‍ പ്രദര്‍ശനത്തിനെത്തിയ സിനിമകള്‍. അപ്പോത്തിക്കരി സുരേഷിന്‍റെ അഭിനയമികവ് പുറത്തെടുത്തപ്പോള്‍ ഡോള്‍‌ഫിന്‍സ് ബോക്സോഫീസിലും നേട്ടമായി.
11. ആസിഫ് അലി
 
ഏഴ് സിനിമകളാണ് ആസിഫ് അലിയുടെ ക്രെഡിറ്റില്‍ ഈ വര്‍ഷം ഉണ്ടായിരുന്നത്. പകിട, മോസയിലെ കുതിരമീനുകള്‍, ഹായ് ഐ ആം ടോണി, അപ്പോത്തിക്കരി, സപ്തമശ്രീ തസ്കരാഃ, വെള്ളിമൂങ്ങ, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നിവ. ഇതില്‍ അപ്പോത്തിക്കരിയിലെയും തസ്കരയിലെയും കഥാപാത്രങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. മഹാവിജയമായ വെള്ളിമൂങ്ങയില്‍ അതിഥിവേഷമായിരുന്നു ആസിഫിന്. മറ്റ് ചിത്രങ്ങള്‍ പരാജയങ്ങളായി.
10. ജയറാം
 
ജയറാമിന് പ്രത്യേകിച്ച് ഒരു നേട്ടവും സമ്മാനിക്കാത്ത വര്‍ഷമാണ് 2014. സ്വപാനം എന്ന സിനിമ മാത്രമാണ് എന്തെങ്കിലുമൊരു സതോഷത്തിന് വക നല്‍കുന്നത്. സലാം കശ്‌മീര്‍, ഒന്നും മിണ്ടാതെ, ഉത്സാഹക്കമ്മിറ്റി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നിവ നിരാശ മാത്രം സമ്മാനിച്ചു. ഇതില്‍ സലാം കാശ്മീര്‍ ജോഷിയുടെയും അതിഥികള്‍ സിബി മലയിലിന്‍റേതുമായിരുന്നു എന്നതാണ് കൌതുകം.
9. ദിലീപ്
 
റിംഗ് മാസ്റ്റര്‍ എന്ന മെഗാഹിറ്റാണ് 2014ല്‍ ദിലീപിന്‍റെ ഏറ്റവും വലിയ നേട്ടം. റാഫി സംവിധാനം ചെയ്ത ചിത്രം കോടികള്‍ ലാഭമുണ്ടാക്കി. അവതാരം, വില്ലാളിവീരന്‍ എന്നീ സിനിമകളും ദിലീപിന്‍റേതായി ഇറങ്ങിയെങ്കിലും തിയേറ്ററുകളില്‍ അവ ഒരു ചലനവുമുണ്ടാക്കിയില്ല.
8. അനൂപ് മേനോന്‍
 
വര്‍ഷാവസാനം വിവാഹജീവിതത്തിലേക്ക് കടന്നുകൊണ്ട് അനൂപ് മേനോന്‍ 2014 അവിസ്മരണീയമാക്കി. സിനിമയിലും അനൂപിന് ഹിറ്റുകള്‍ ഉണ്ട്. ആംഗ്രി ബേബീസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ നായകനിരയില്‍ ഒരിടം കണ്ടെത്താന്‍ ഈ അഭിനേതാവിന് കഴിഞ്ഞു. 1983, വിക്രമാദിത്യന്‍, ദി ഡോള്‍ഫിന്‍സ്, ആമയും മുയലും എന്നീ സിനിമകളിലും അനൂപ് അഭിനയിച്ചു. ഡോള്‍ഫിന്‍സ് എഴുതിയതും അനൂപായിരുന്നു. വിക്രമാദിത്യനിലെ വാസുദേവ ഷേണായ് എന്ന കഥാപാത്രം അനൂപിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
7. ഫഹദ് ഫാസില്‍
 
വണ്‍ ബൈ ടു, ഗോഡ്സ് ഓണ്‍ കണ്‍‌ട്രി, ബാംഗ്ലൂര്‍ ഡെയ്സ്, മണിരത്നം, ഇയ്യോബിന്‍റെ പുസ്തകം എന്നിവയാണ് ഫഹദ് ഫാസിലിന്‍റേതായി 2014ല്‍ എത്തിയത്. ബാംഗ്ലൂര്‍ ഡെയ്സ് മെഗാഹിറ്റായപ്പോല്‍ ഇയ്യോബിന്‍റെ പുസ്തകം മികച്ച സിനിമ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇയ്യോബിന്‍റെ നിര്‍മ്മാതാവും ഫഹദ് ആയിരുന്നു.
6. പൃഥ്വിരാജ്
 
സെവന്‍‌ത് ഡേയും സപ്‌തമശ്രീ തസ്കരാഹഃയും കാവ്യ തലൈവനും. പൃഥ്വിരാജ് എന്ന നടന്‍ ഗംഭീരമായി പെര്‍ഫോം ചെയ്യുകയും തിയേറ്ററുകളില്‍ വിജയം നേടുകയും ചെയ്ത സിനിമകള്‍. മുന്നറിയിപ്പിലെ അതിഥിവേഷവും ശ്രദ്ധിക്കപ്പെട്ടു. ടമാര്‍ പഠാര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നീ ഫ്ലോപ്പുകളും. പൃഥ്വിരാജിന് 2014 സമ്മിശ്രാനുഭവങ്ങളുടേതായിരുന്നു.
5. ബിജു മേനോന്‍
 
യഥാര്‍ത്ഥത്തില്‍ ബിജു മേനോന്‍റെ വര്‍ഷമായിരുന്നു 2014 എന്നുപറയാം. 'വെള്ളിമൂങ്ങ' അത്രയ്ക്ക് ഉഗ്രന്‍ വിജയമാണ് നേടിയത്. രാഷ്ട്രീയക്കാരന്‍ മാമച്ചനായി ബിജു മിന്നിത്തിളങ്ങി. പകിട, ഹായ് ഐ ആം ടോണി, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2, ഭയ്യാ ഭയ്യാ എന്നീ സിനിമകള്‍ ബോക്സോഫീസില്‍ തലകുത്തിവീണെങ്കിലും തന്‍റെ റോളുകള്‍ ഗംഭീരമാക്കി ബിജു കയ്യടിനേടി.
4. ദുല്‍ക്കര്‍ സല്‍മാന്‍
 
ദുല്‍ക്കര്‍ സല്‍മാനും ഒരുപോലെ വിജയവും പരാജയവും രുചിച്ച വര്‍ഷമായിരുന്നു 2014. ബാംഗ്ലൂര്‍ ഡെയ്സ് തന്നെയാണ് ഈ വര്‍ഷം ദുല്‍ക്കറിന്‍റെയും ഏറ്റവും മികച്ച വിജയം. വിക്രമാദിത്യനും സൂപ്പര്‍ഹിറ്റായി. 'ഞാന്‍' എന്ന രഞ്ജിത് ചിത്രവും ശ്രദ്ധിക്കപ്പെട്ടു. സലാല മൊബൈ‌ല്‍‌സ്, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ സിനിമകള്‍ ഒരുപക്ഷേ ദുല്‍ക്കര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്നവയാകും.
3. നിവിന്‍ പോളി
 
നിവിന്‍ പോളി തൊട്ടതെല്ലാം പൊന്നായ വര്‍ഷമായിരുന്നു 2014. ഓം ശാന്തി ഓശാന, 1983, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ വര്‍ഷം റിലീസായ നിവിന്‍ പോളി ചിത്രങ്ങള്‍. എല്ലാം വന്‍ വിജയങ്ങളായി. വിക്രമാദിത്യനില്‍ അതിഥിവേഷത്തിലാണ് നിവിന്‍ എത്തിയത്.
2. ജയസൂര്യ
 
ഏഴ് സിനിമകളാണ് ജയസൂര്യയ്ക്കുണ്ടായിരുന്നത്. ഇതില്‍ വര്‍ഷാവസാനത്തെ നാലാഴ്ചയ്ക്കിടയില്‍ ജയസൂര്യയുടെ നാല് സിനിമകള്‍ റിലീസായി. ഇയ്യോബിന്‍റെ പുസ്തകവും അപ്പോത്തിക്കരിയുമാണ് ജയസൂര്യയുടെ ഗംഭീര പ്രകടനം സാധ്യമായ സിനിമകള്‍. സെക്കന്‍‌സും ശ്രദ്ധിക്കപ്പെട്ടു. ഹാപ്പി ജേര്‍ണിയിലും മികച്ച പെര്‍ഫോമന്‍സാണ് ജയന്‍ കാഴ്ചവച്ചത്. ലാല്‍ ബഹാദൂര്‍ ആന്‍റ് ശാസ്ത്രി, മത്തായി കുഴപ്പക്കാരനല്ല, ആമയും മുയലും എന്നീ റിലീസുകളും ജയസൂര്യയുടേതായി ഉണ്ടായിരുന്നു.
1. മമ്മൂട്ടി
 
മമ്മൂട്ടിയുടെ തിരിച്ചുവരവിന്‍റെ വര്‍ഷമായിരുന്നു 2014. പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് വിജയത്തിന്‍റെ പടവുകളിലേക്ക് മമ്മൂട്ടി അനായാസം നടന്നുകയറുന്ന കാഴ്ച ചേതോഹരമായിരുന്നു.  
 
ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ്, ഗ്യാംഗ്സ്റ്റര്‍ എന്നിവയാണ് ഈ വര്‍ഷം മമ്മൂട്ടിയുടെ പരാജയചിത്രങ്ങള്‍. ഇതില്‍ ബാല്യകാലസഖി ബഷീരിന്‍റെയും പ്രെയ്സ് ദി ലോര്‍ഡ് സക്കറിയയുടെയും കഥകള്‍ ഉപജീവിച്ചെടുത്തവയായിരുന്നു.
 
രാജാധിരാജ, വര്‍ഷം, മംഗ്ലീഷ് എന്നീ മമ്മൂട്ടി സിനിമകള്‍ തിയേറ്ററുകളില്‍ മിന്നുന്ന വിജയം നേടി. എങ്കിലും ഈ വര്‍ഷം മമ്മൂട്ടിയുടെയും മലയാള സിനിമയുടെയും ഏറ്റവും മികച്ച ചിത്രം 'മുന്നറിയിപ്പ്' ആയിരുന്നു. ഈ സിനിമ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം തിയേറ്ററുകളിലും വന്‍ വിജയമായി.

വെബ്ദുനിയ വായിക്കുക