ആദ്യം ആ ചിത്രം ‘രാജ 2’ ആയിരുന്നില്ല, പല ചര്‍ച്ചകള്‍ക്കൊടുവില്‍ വൈശാഖും ഉദയകൃഷ്ണയും രാജയെ തിരികെക്കൊണ്ടുവരാന്‍ തീരുമാനിച്ചു!

വ്യാഴം, 11 ജൂലൈ 2019 (15:35 IST)
പുലിമുരുകന് ശേഷം അടുത്തത് ഏത് പ്രൊജക്‍ട് ചെയ്യണം എന്ന കാര്യത്തില്‍ സംവിധായകന്‍ വൈശാഖിന് ആശയക്കുഴപ്പമുണ്ടായിരുന്നു. ഏത് സിനിമ ചെയ്താലും അത് പുലിമുരുകന് മുകളില്‍ നില്‍ക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി പല കഥകളും നോക്കി. പല താരങ്ങള്‍ക്കുമൊപ്പമുള്ള പ്രൊജക്ടുകള്‍ ആലോചിച്ചു. അന്യഭാഷാ ചിത്രം ചെയ്യാമെന്നുവരെ ചിന്തിച്ചു.
 
അങ്ങനെയിരിക്കെയാണ് ഉദയ്കൃഷ്ണയ്ക്ക് ഒരു ത്രെഡ് കിട്ടുന്നത്. അത് വികസിപ്പിച്ചുവന്നപ്പോള്‍ നല്ലതാണ്. ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കുള്ള വകുപ്പെല്ലാമുണ്ട്. അത് വലിയൊരു കൊമേഴ്സ്യല്‍ സെറ്റപ്പിലേക്ക് മാറ്റുന്നതിനെപ്പറ്റി ആലോചിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ്, പോക്കിരിരാജയിലെ രാജ ഈ കഥയില്‍ നായകസ്ഥാനത്തുവന്നാല്‍ എങ്ങനെയിരിക്കും എന്ന ആശയം കിട്ടുന്നത്. ആ ഐഡിയ കിടിലനാണെന്ന് വൈശാഖിനും ഉദയ്കൃഷ്ണയ്ക്കും തോന്നി. അങ്ങനെ കഥാപാത്രത്തെ പ്ലെയിസ് ചെയ്തപ്പോള്‍ കഥ തനിയെ വികസിച്ചു.
 
പോക്കിരിരാജയേക്കാള്‍ വലിയ ഒരു സിനിമയ്ക്കുള്ള സാധ്യത, ഒപ്പം പുലിമുരുകനും മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കുള്ള സാധ്യത ഇതെല്ലാം തെളിഞ്ഞുകണ്ടു. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ അദ്ദേഹവും ഓകെ.
 
“മധുരരാജയില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളോ രംഗങ്ങളോ ഇല്ല. അക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. സണ്ണി ലിയോണിന്‍റെ നൃത്തം പോലും വില്ലന്‍റെ ഇഷ്ടാനുസരണം നടക്കുന്നതാണ്. നമ്മുടെ നാടിന് പുറത്തും നമ്മുടെ ചിത്രങ്ങള്‍ക്ക് ബിസിനസ് നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ആക്ഷനും ഡാന്‍സും പാട്ടുമെല്ലാം പ്രധാനമാണ്” - ഉദയ്കൃഷ്ണ പറയുന്നു.
 
മധുരരാജ ഇപ്പോള്‍ 100 ദിവസം തികച്ചിരിക്കുകയാണ്. 100 കോടി ക്ലബില്‍ ഇടം നേടിയ മമ്മൂട്ടിയുടെ ആദ്യ സിനിമ. വമ്പന്‍ കൊമേഴ്സ്യല്‍ ഹിറ്റുകള്‍ പലതും അറിയാതെ വീണുകിട്ടുന്ന സ്പാര്‍ക്കില്‍ നിന്നായിരിക്കും സംഭവിക്കുക. മധുരരാജയും അങ്ങനെ സംഭവിച്ചതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍