‘എന്നും എപ്പോഴും’ തകര്‍പ്പന്‍ ഹിറ്റ്, 8 ദിവസം 10 കോടി !

വെള്ളി, 3 ഏപ്രില്‍ 2015 (18:29 IST)
മലയാള സിനിമാലോകം വീണ്ടും വിജയവഴിയില്‍. മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ടീമിന്‍റെ ‘എന്നും എപ്പോഴും’ അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയ്ക്ക് തന്നെ വന്‍ ഉണര്‍വ് പകര്‍ന്നിരിക്കുകയാണ്. എട്ടുദിവസം കൊണ്ട് ലോകമെമ്പാടുനിന്നുമായി പത്തുകോടിയിലേറെ രൂപ കളക്ഷന്‍ നേടി മെഗാഹിറ്റായി മാറുകയാണ് ഈ സത്യന്‍ അന്തിക്കാട് സിനിമ.
 
എട്ടാം ദിവസത്തെ ഗ്രോസ് കളക്ഷന്‍ 70 ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും ഫുള്‍ ഹൌസില്‍ എല്ലാ കേന്ദ്രങ്ങളിലും കളിക്കുന്ന സിനിമ കോടികള്‍ നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുക്കുമെന്നാണ് ബോക്സോഫീസ് പണ്ഡിറ്റുകള്‍ വിലയിരുത്തുന്നത്.
 
മോഹന്‍ലാലിന്‍റെയും മഞ്ജു വാര്യരുടെയും മത്സരാഭിനയമാണ് പ്രേക്ഷകരെ വശീകരിക്കുന്നത്. ഇന്നസെന്‍റ്, രണ്‍‌ജി പണിക്കര്‍, കല്‍പ്പന, ഗ്രിഗറി, ലെന എന്നിവരുടെ കഥാപാത്രങ്ങളും കയ്യടി നേടുന്നു. രണ്‍ജി പണിക്കര്‍ വരുന്ന രംഗങ്ങളില്‍ തിയേറ്റര്‍ കുലുങ്ങുന്ന കൈയടിയാണ് എല്ലാ കേന്ദ്രങ്ങളിലും.
 
ഓവര്‍സീസ് കളക്ഷന്‍ രണ്ടുകോടിക്ക് മേല്‍ ആണെന്നാണ് വിവരം. ഒപ്പം റിലീസ് ചെയ്ത സിനിമകളൊന്നും ‘എന്നും എപ്പോഴും’ നേടുന്ന മഹാവിജയത്തിന്‍റെ മാറ്റ് കുറച്ചിട്ടില്ല. നാലാം തീയതി ദിലീപിന്‍റെ ‘ഇവന്‍ മര്യാദരാമന്‍’ എത്തുന്നുണ്ട്. എന്നാല്‍ ലാല്‍-മഞ്ജു കൂട്ടുകെട്ടിലുണ്ടായ സിനിമയ്ക്ക് മര്യാദരാമന്‍ ഭീഷണിയുയര്‍ത്തില്ലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക