സത്യന്‍ അന്തിക്കാട് നന്‍‌മയുടെ കഥ തുടരുന്നു...

ശനി, 26 ഫെബ്രുവരി 2011 (20:05 IST)
PRO
മലയാളിത്തമുള്ള സിനിമകള്‍ മാത്രം ഒരുക്കുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ‘കഥ തുടരുന്നു’ അദ്ദേഹത്തിന്‍റെ അമ്പതാം ചിത്രമായിരുന്നു. ഇടനിലക്കാരന്‍റെ ജീവിതത്തിലെ നര്‍മ്മവും ധര്‍മ്മസങ്കടങ്ങളും ആദ്യചിത്രം മുതല്‍ തന്നെ സ്ക്രീനിലേക്ക് പകര്‍ത്തിയ സത്യന്‍ ഇന്നും അത് തുടരുന്നു. തന്‍റെ വഴി ഇതാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുതന്നെ.

സാധാരണക്കാരന്‍റെ കഥകള്‍ പറയുന്നതിനായിരുന്നു എന്നും സത്യന്‍ അന്തിക്കാട് ശ്രമിച്ചത്. അത് തന്‍റെ പരിമിതിയാണെങ്കില്‍ ആ പരിമിതി താന്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്. ഇടയ്ക്ക് പിന്‍‌ഗാമി, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു വഴിമാറി നടത്തത്തിന് സത്യന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അവ തിരസ്കരിച്ചു. അവര്‍ക്ക് വേണ്ടത് അന്തിക്കാടന്‍ സ്പര്‍ശമുള്ള നാടന്‍ ചിത്രങ്ങളായിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്ന് ഏറ്റവും മികച്ച 10 ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ. വായനക്കാര്‍ക്ക് അവര്‍ക്കിഷ്ടമായ സത്യന്‍ ചിത്രങ്ങള്‍ കമന്‍റിലൂടെ അറിയിക്കുകയും ചെയ്യാം.

അടുത്ത പേജില്‍ - വീട്ടുകാര്യങ്ങളുടെ സംവിധായകന്‍

PRO
10. വീണ്ടും ചില വീട്ടുകാര്യങ്ങള്‍

ലോഹിതദാസിന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് സം‌യുക്ത വര്‍മ എന്ന നായികയെ മലയാളത്തിന് ലഭിച്ചത്. തിലകന്‍റെ ഏറ്റവും മികച്ച പ്രകടനം സാധ്യമായ ചിത്രമായിരുന്നു ഇത്. ജയറാമും തിലകനുമൊത്തുള്ള രംഗങ്ങള്‍ പ്രേക്ഷകരെ ഏറെയാകര്‍ഷിച്ചു.

അടുത്ത പേജില്‍ - നാടന്‍ കഥയുടെ സൌന്ദര്യം

PRO
9. പൊന്‍‌മുട്ടയിടുന്ന താറാവ്

രഘുനാഥ് പലേരിയായിരുന്നു ഈ സിനിമയുടെ തിരക്കഥയെഴുതിയത്. ഈ ചിത്രത്തിലെ നാട്ടിന്‍‌പുറത്ത് ജീവിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് മലയാളികള്‍ കൊതിച്ചു പോകുന്ന ചിത്രീകരണം. പൊന്‍‌മുട്ടയിടുന്ന താറാവിലെ ഓരോ കഥാപാത്രവും പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. പശുവിനെ കളഞ്ഞ പാപ്പി പോലും!

അടുത്ത പേജില്‍ - വഴിത്തിരിവായ സിനിമ

PRO
8. ടി പി ബാലഗോപാലന്‍ എം എ

സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ കൂടുതല്‍ ജനകീയനാക്കി മാറ്റിയ സിനിമ. ശ്രീനിവാസന്‍റെ തിരക്കഥ. ജീവിതവുമായി അടുത്തുനില്‍ക്കുന്ന കഥാ സന്ദര്‍ഭങ്ങള്‍. ഈ സിനിമ മുതലാണ് തന്‍റെ സിനിമകള്‍ ഏതുരീതിയിലായിരിക്കണമെന്ന ദിശബോധം ഉണ്ടായതെന്ന് സത്യന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അടുത്ത പേജില്‍ - കുശുമ്പും കുന്നായ്മയും സ്ക്രീനിലെത്തിയപ്പോള്‍

PRO
7. തലയണമന്ത്രം

കുടുംബങ്ങളിലെ ചെറിയ ചെറിയ പ്രശ്നങ്ങളെപ്പോലും സരസമായി അവതരിപ്പിച്ച തലയണമന്ത്രം ഉര്‍വശി എന്ന നടിയുടെ ഗംഭീര പ്രകടനം കൊണ്ട് അനുഗ്രഹീതമായി. ശ്രീനിവാസനും സത്യനും ഈ ചിത്രത്തിലൂടെ വീട്ടമ്മമാരുടെ പൊങ്ങച്ചങ്ങളെ കണക്കിന് പരിഹസിച്ചു. ‘ഇന്ത്യ അമേരിക്കയില്‍ നിന്ന് കടം വാങ്ങാറില്ലേ? അത് കൊടുക്കാതെ വരുമ്പോള്‍ അമേരിക്ക ഇന്ത്യയെ ഫോണില്‍ വിളിച്ച് തെറി പറയാറുണ്ടോ?’ എന്ന ഡയലോഗ് എത്രകാലം കഴിഞ്ഞാലും മലയാളികള്‍ക്ക് മറക്കാനാകുമോ?

അടുത്ത പേജില്‍ - ചിരിയുടെ തമ്പുരാന്‍റെ തിരക്കഥ

PRO
6. അപ്പുണ്ണി

വി കെ എന്നിന്‍റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രം. മോഹന്‍ലാലിന് തമാശക്കഥാപാത്രങ്ങള്‍ നന്നായി ഇണങ്ങുമെന്ന് ആദ്യമായി തെളിയിക്കപ്പെട്ട സിനിമ. നെടുമുടിയുടെയും ഭരത് ഗോപിയുടെയും കഥാപാത്രങ്ങള്‍ ഈ സിനിമയുടെ നട്ടെല്ലായി. ഒരു നാടന്‍ കഥ വളച്ചുകെട്ടുകളില്ലാതെ സരസമായി പറഞ്ഞതുതന്നെയാണ് അപ്പുണ്ണിയുടെ വിജയം.

അടുത്ത പേജില്‍ - തമാശകളുടെ പൂരവുമായി അവര്‍ വരുന്നു

PRO
5. നാടോടിക്കാറ്റ്

ദാസനും വിജയനും രംഗപ്രവേശം ചെയ്ത സിനിമ. സിദ്ദിഖ് ലാലിന്‍റെ കഥയ്ക്ക് ശ്രീനിവാസന്‍റെ തിരക്കഥ. എക്കാലത്തെയും വലിയ വിജയമായി മാറിയ ഈ ചിത്രത്തിന്‍റെ നാലാം ഭാഗം ഇറക്കിയാലെന്തെന്ന ആലോചനയിലാണ് സത്യനും ശ്രീനിയും. മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കോമ്പിനേഷന്‍ ഏറ്റവും ഹിറ്റായത് നാടോടിക്കാറ്റിലാണ്.

അടുത്ത പേജില്‍ - ആദ്യകാലനായികയുടെ മടങ്ങിവരവ്

PRO
4. മനസ്സിനക്കരെ

ഷീലയുടെ തിരിച്ചുവരവ് ഒരു ഉത്സവം പോലെ ആഘോഷിച്ച സിനിമയാണ് മനസ്സിനക്കരെ. ജയറാം നായകനാണെങ്കിലും ഷീലയുടെ സിനിമയായിരുന്നു അത്. ഒരു ക്രിസ്ത്യന്‍ വൃദ്ധയെ കേന്ദ്രകഥാപാത്രമാക്കി സിനിമയൊരുക്കാനുള്ള ധൈര്യത്തിന് സത്യന്‍ അന്തിക്കാടിനെ അഭിനന്ദിക്കണം. സത്യന് അഭിമാനിക്കാവുന്ന വിജയം തന്നെയായിരുന്നു മനസ്സിനക്കരെ. അഴകപ്പന്‍റെ ഛായാഗ്രഹണവും ആ സിനിമയെ മനോഹരമാക്കി. നയന്‍‌താരയുടെ ആദ്യചിത്രം എന്ന നിലയിലും മനസ്സിനക്കരെ പ്രാധാന്യമര്‍ഹിക്കുന്നു.

അടുത്ത പേജില്‍ - പോളണ്ടിനെപ്പറ്റി ഒന്നും പറയരുത്!

PRO
3. സന്ദേശം

പഞ്ചവടിപ്പാലത്തിന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സറ്റയര്‍ ഏതെന്ന് ചോദിച്ചാല്‍ അത് ‘സന്ദേശം’ ആണെന്ന് നിസംശയം പറയാം. സത്യന്‍ - ശ്രീനി മാജിക് പ്രേക്ഷകര്‍ ഏറ്റവും അനുഭവിച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനായി ശ്രീനിയെഴുതിയ ഡയലോഗുകള്‍ പലതും ഇപ്പോഴും ഹിറ്റാണ്. ശങ്കരാടി, ഇന്നസെന്‍റ്, ബോബി കൊട്ടാരക്കര, മാള അരവിന്ദന്‍, മാമുക്കോയ തുടങ്ങിയവര്‍ ഈ സിനിമയില്‍ അവതരിപ്പിച്ച ചെറിയ കഥാപാത്രങ്ങളെ പോലും ഒരിക്കലും മറക്കാനാകാത്ത വിധത്തില്‍ ചിത്രീകരിച്ചത് സത്യന്‍റെ സംവിധാന മികവിന് ഏറ്റവും നല്ല ഉദാഹരണമാണ്.

അടുത്ത പേജില്‍ - മോഹന്‍ലാല്‍ നിറഞ്ഞാടിയ സിനിമ

PRO
2. സന്‍‌മനസുള്ളവര്‍ക്ക് സമാധാനം

മോഹന്‍ലാലിന്‍റെ ഏറ്റവും ഫ്ലക്സിബിളായ കഥാപാത്രമായിരുന്നു സന്‍‌മനസുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തിലെ ഹൌസ് ഓണര്‍ ഗോപാലകൃഷ്ണന്‍. രസകരമായ ഒരു ത്രഡിനെ മികച്ച ഒരു സിനിമയാക്കി മാറ്റി സത്യന്‍. ശ്രീനിവാസനായിരുന്നു തിരക്കഥ. തിലകന്‍ അവതരിപ്പിച്ച അധോലോക രാജാവ് ദാമോദര്‍ജി എന്ന കഥാപത്രത്തെയും വിസ്മരിക്കാനാവില്ല. ഈ ചിത്രം പിന്നീട് പ്രിയദര്‍ശന്‍ ഹിന്ദിയിലെടുത്തെങ്കിലും മലയാളത്തിലെ മാജിക് ആവര്‍ത്തിക്കാനായില്ല.

അടുത്ത പേജില്‍ - വായ്‌പേയി പോലും അത്ഭുതപ്പെട്ടു!

PRO
1. വരവേല്‍‌പ്പ്

പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിയുടെ പ്രസംഗത്തില്‍ പോലും പരാമര്‍ശവിധേയമായ സിനിമയാണ് വരവേല്‍പ്പ്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ താല്‍പ്പര്യപ്പെടുന്ന പ്രവാസികളെ കേരളം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ നേര്‍ക്കാഴ്ചയായിരുന്നു ഈ സിനിമ. മോഹന്‍ലാല്‍ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം ഒടുവില്‍ തന്‍റെ ജീവിതത്തെ വീണ്ടും മറുനാട്ടിലേക്ക് പറിച്ചു നടുകയാണ്. സത്യസന്ധമായ കഥയുടെ സത്യസന്ധമായ ആവിഷ്കാരമായിരുന്ന വരവേല്‍പ്പിന് തിരക്കഥയെഴുതിയത് ശ്രീനിവാസന്‍.

വെബ്ദുനിയ വായിക്കുക