പി സുകുമാരനും താരാ കുറുപ്പും ഇപ്പോഴും പ്രണയിക്കുന്നു, ഈ 10 വര്‍ഷത്തിന് ശേഷവും!
വ്യാഴം, 25 ഓഗസ്റ്റ് 2016 (14:49 IST)
കൃത്യം 10 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2006 ഓഗസ്റ്റ് 25നാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച കാമ്പസ് ചിത്രങ്ങളിലൊന്നായ ‘ക്ലാസ്മേറ്റ്സ്’ റിലീസായത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷവും ആ സിനിമ പ്രേക്ഷക മനസില്‍ ഉയര്‍ത്തിയ തരംഗം അവസാനിച്ചിട്ടില്ല. ‘ചാമരം’ എന്ന എവര്‍ഗ്രീന്‍ ഹിറ്റിന് ശേഷം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച കാമ്പസ് സ്റ്റോറിയായിരുന്നു ക്ലാസ്മേറ്റ്സ്.
ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയില്‍ ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ലാല്‍ ജോസിന്‍റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമാണ് ക്ലാസ്മേറ്റ്സ് നേടിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്രമേനോന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്.
കാമ്പസില്‍ വ്യക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്നതും അതിമനോഹരമായ ഒരു പ്രണയകഥ പറഞ്ഞു എന്നതും മാത്രമായിരുന്നില്ല ക്ലാസ്മേറ്റ്സിന്‍റെ മഹാവിജയത്തിന് കാരണം. അത് ഒന്നാന്തരമൊരു ത്രില്ലറായിരുന്നു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു മിസ്റ്ററി ആ ചിത്രത്തിനുണ്ടായിരുന്നു. അതിനുമപ്പുറത്ത്, ആ സിനിമ ഉണര്‍ത്തിവിട്ട ഗൃഹാതുരത കേരളത്തിന്‍റെ മനസുതൊടുകയും ചെയ്തു.
ത്രസിക്കുന്ന രാഷ്ട്രീയത്തിന്‍റെയും ഗാഢമായ പ്രണയത്തിന്‍റെയും കാമ്പസുകളിലൂടെ കടന്നുവന്നവര്‍ക്ക് ആ പഴയകാലത്തേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ക്ലാസ്മേറ്റ്സ്. സിനിമയുടെ ബജറ്റ് 3.4 കോടി രൂപയായിരുന്നു. ബോക്സോഫീസില്‍ 25 കോടിയോളം വാരിക്കൂട്ടിയ സിനിമ ടി വി ചാനലുകളിലൂടെ ഇന്നും പ്രേക്ഷകര്‍ക്ക് വിരുന്നാകുന്നു.
പൃഥ്വിരാജും കാവ്യാമാധവനും തമ്മിലുള്ള കെമിസ്ട്രിയേക്കാള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും തമ്മിലുള്ള കെമിസ്ട്രി അതിഗംഭീരമായി വര്‍ക്കൌട്ടായ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഈ അപൂര്‍വ്വ സഹോദരങ്ങള്‍ തകര്‍ത്താടിയപ്പോള്‍ തിയേറ്ററുകള്‍ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പായി. ജയസൂര്യയുടെ വില്ലന്‍ പ്രതിച്ഛായയുള്ള കഥാപാത്രവും കൈയടി നേടി. നരേന്‍റെ കരിയറിലും മുരളി എന്ന കഥാപാത്രം എപ്പോഴും പരാമര്‍ശിക്കത്തക്ക വിധത്തില്‍ മധുരമുള്ളതായി. എന്നാല്‍ ഞെട്ടിച്ചത് രാധികയാണ്. റസിയ എന്ന കഥാപാത്രത്തിന്‍റെ മാനസികയാത്രകളെയും ജീവിത ഘട്ടങ്ങളെയും അമ്പരപ്പിക്കുന്ന കൈയടക്കത്തോടെയാണ് രാധിക കൈകാര്യം ചെയ്തത്.
ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങള്‍ ഏറ്റെടുത്തു. ‘എന്‍റെ ഖല്‍ബിലെ വെണ്ണിലാവ് നീ...’, ‘കാത്തിരുന്ന പെണ്ണല്ലേ...’, ‘കാറ്റാടിത്തണലും...’ എന്നീ ഗാനങ്ങള്‍ ഇപ്പോഴും മൂളിനടക്കുന്നു മലയാളികള്‍. അലക്സ് പോളായിരുന്നു സംഗീതം. വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്‍ ഒരു തരംഗമായിത്തീര്‍ന്നതും ക്ലാസ്മേറ്റ്സോടെയാണ്.
ലാല്‍ ജോസിന്‍റെ കരിയറില്‍ ഒരുപാട് വലിയ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ക്ലാസ്‌മേറ്റ്സ് ഇറങ്ങുന്ന സമയത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ മാത്രം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും 1998 മുതല്‍ 2015 വരെയുള്ള കരിയറില്‍ തന്‍റെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയില്‍ ഒന്നാം നിരയില്‍ അദ്ദേഹം ക്ലാസ്മേറ്റ്സിനെ പ്രതിഷ്ഠിക്കുമെന്നതില്‍ സംശയമില്ല.
കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായി ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി ക്ലാസ്മേറ്റ്സിനെ തെരഞ്ഞെടുത്തു. മികച്ച കഥയ്ക്കുള്ള പുരസ്കാരം ജയിംസ് ആല്‍ബര്‍ട്ടിനും ലഭിച്ചു. ജയിംസിന്‍റെ ആദ്യ തിരക്കഥയായിരുന്നു ക്ലാസ്മേറ്റ്സ്. പിന്നീട് മലയാളത്തിലെ മികച്ച ഫാമിലി ത്രില്ലര്‍ തിരക്കഥയെഴുത്തുകാരുടെ പട്ടികയില്‍ അദ്ദേഹം സ്ഥാനം പിടിച്ചു.
തിരുവനതപുരത്ത് 150 ദിവസവും കോട്ടയത്തും എറണാകുളത്തും നൂറുദിവസത്തിലേറെയും പ്രദര്‍ശിപ്പിച്ചു ക്ലാസ്മേറ്റ്സ്. ആ സിനിമ ഉയര്‍ത്തിയ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്. കോളജ് റീയൂണിയനായും കുടുംബസംഗമമായും മറ്റും.
ചിത്രത്തിന് കടപ്പാട്: ലാല്‍ ജോസിന്‍റെ ഫേസ്ബുക്ക് പേജ്