ദൃശ്യം പോലെ ദൃശ്യം മാത്രം, മോഹന്‍ലാലിനെപ്പോലെ അദ്ദേഹം മാത്രം!

വ്യാഴം, 20 ഫെബ്രുവരി 2014 (17:52 IST)
PRO
ദൃശ്യത്തിന്‍റെ പകിട്ട് ദിനം‌തോറും വര്‍ദ്ധിക്കുകയാണ്. ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തെ രണ്ടായി വിഭജിച്ചു - ദൃശ്യത്തിന് മുമ്പും ദൃശ്യത്തിന് ശേഷവും! റീമേക്കുകളുടെയും വമ്പന്‍ താരങ്ങളുടെയും കോടികളുടെ ബജറ്റിന്‍റെയുമൊക്കെ വരും‌കാല കഥകള്‍ അവിടെ നില്‍ക്കട്ടെ. ഇവിടെ, ദൃശ്യം എന്ന ചെറുചിത്രം സ്വയം ഒരത്ഭുതമായി മാറിയതിന്‍റെ വിശേഷങ്ങളാണ് പറയുന്നത്.

മുംബൈയിലും ബാംഗ്ലൂരിലും ബംഗാളിലും ആന്ധ്രയിലുമൊക്കെ മലയാളികളല്ലാത്ത പ്രേക്ഷകര്‍ ഇംഗ്ലീഷ് സബ്ടൈറ്റുകളിലൂടെ ദൃശ്യം ആസ്വദിക്കുകയാണ് എന്നതാണ് പുതിയ വിശേഷം. ദൃശ്യത്തെ ഭാഷയുടെ പരിമിതികള്‍ മറന്ന് ലോകം സ്വന്തമാക്കിയിരിക്കുന്നു. ഒപ്പം ജീത്തു ജോസഫ് എന്ന സംവിധായകനും ഭാഷകള്‍ക്കപ്പുറത്തേക്ക് വളരുകയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ഇന്ത്യയിലെമ്പാടും വീണ്ടും വിസ്മയമാകുകയാണ്!

അടുത്ത പേജില്‍ - അമേരിക്കയും യു കെയും കീഴടക്കി!

PRO
വിദേശരാജ്യങ്ങളിലെ കാര്യം തന്നെയെടുക്കാം. ചിക്കാഗോയില്‍ ജനത്തിരക്ക് കാരണം ദൃശ്യം അധികമായി ഒരു ഷോ പ്രദര്‍ശിപ്പിക്കുകയാണ് തിയേറ്ററുകളില്‍. ഒരു മലയാളചിത്രത്തിന് ഇവിടെ ഇത്രയും വലിയ വരവേല്‍പ്പ് ലഭിക്കുന്നത് ഇതാദ്യം.

ഓണ്‍‌ലൈന്‍ വഴി ദൃശ്യം ബുക്ക് ചെയ്തിട്ടാണ് കാലിഫോര്‍ണിയയില്‍ ജനങ്ങള്‍ തിയേറ്ററുകളിലെത്തിയത്. ഒരു തിയേറ്ററിലെ കാര്യം പറയാം. ഒന്നരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നു അവര്‍ക്ക്. ജനത്തിരക്ക് തന്നെ കാരണം! അമേരിക്കയില്‍ റെക്കോര്‍ഡ് ഗ്രോസ് കളക്ഷന്‍ ഒരുകോടി രൂപയാണ്. ദൃശ്യം അതും തിരുത്തിക്കുറിച്ചു. യു കെയിലും ദൃശ്യം തന്നെ പുതിയ റെക്കോര്‍ഡുകാരന്‍.

അടുത്ത പേജില്‍ - 60 ദിവസം, 57 കോടി!

PRO
അറുപത് ദിവസം കൊണ്ട് ദൃശ്യത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 57 കോടിയിലധികം രൂപയാണ്. കേരളത്തിലെ 104 തിയേറ്ററുകളില്‍ റിലീസ് ഡേറ്റിലുണ്ടായ ജനത്തിരക്കിന്‍റെ ഇരട്ടിയോളമാണ് ഇപ്പോഴും ഉണ്ടാകുന്നത് എന്നത് അത്ഭുതമല്ലാതെ മറ്റെന്ത്? അവധി ദിനങ്ങളാണെങ്കില്‍ മുന്‍‌കൂര്‍ ബുക്ക് ചെയ്തില്ലെങ്കില്‍ ഈ തിയേറ്ററുകളുടെയൊന്നും അടുത്തുപോയിട്ട് ഒരു കാര്യവുമില്ല.

വിതരണക്കാരുടെ ഷെയറിന്‍റെ കാര്യത്തില്‍ കേരളത്തിലെ തൊണ്ണൂറുശതമാനം തിയേറ്ററുകളിലും പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ദൃശ്യം. എറണാകുളം നഗരത്തില്‍ നിന്ന് മാത്രം മൂന്നുകോടി രൂപയിലധികമാണ് ദൃശ്യത്തിന്‍റെ കളക്ഷന്‍. കോഴിക്കോട്ട് രണ്ടുകോടിയിലേറെയായി കളക്ഷന്‍.

അടുത്ത പേജില്‍ - ട്വന്‍റി20യെ തവിടുപൊടിയാക്കി!

PRO
26 ദിവസങ്ങള്‍ കൊണ്ട് 10000 ഷോകള്‍ പൂര്‍ത്തിയാക്കിയ ദൃശ്യം കേരളത്തില്‍ മാത്രം 30000 ഷോകള്‍ പൂര്‍ത്തിയാക്കി. സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും ദൃശ്യം മോഹവിലയാ‍ണ് നേടിയത്. ആറരക്കോടി രൂപ നല്‍കി ഏഷ്യാനെറ്റാണ് ദൃശ്യം വാങ്ങിയത്.

ട്വന്‍റി20 എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 32 കോടി രൂപയാണ്. മോഹന്‍ലാലിന്‍റെ ദൃശ്യം ഈ റെക്കോര്‍ഡ് മറികടന്നത് വെറും 30 ദിവസങ്ങള്‍ കൊണ്ട്!

50 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ദൃശ്യം. ഈ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചെലവ് വെറും 4.6 കോടി രൂപ മാത്രം. അപ്പോള്‍ കണക്കുകൂട്ടി നോക്കൂ, എത്രയിരട്ടി വിജയം!

വെബ്ദുനിയ വായിക്കുക