ജെന്‍റില്‍‌മാന്‍ സൂപ്പര്‍ വിജയം, ഇമ്മാനുവല്‍ ശരാശരിയിലൊതുങ്ങി, തോമ തകരുന്നു!

തിങ്കള്‍, 15 ഏപ്രില്‍ 2013 (16:35 IST)
PRO
വിഷുച്ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനത്തിന്‍റെ യഥാര്‍ത്ഥ ചിത്രം വെളിവായി. സിദ്ദിക്ക് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ലാല്‍ ജോസിന്‍റെ മമ്മൂട്ടിച്ചിത്രമായ ‘ഇമ്മാനുവല്‍’ ആദ്യ ദിനത്തില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചെങ്കിലും ശരാശരി വിജയത്തിലേക്ക് ഒതുങ്ങി.

എന്നാല്‍ അപ്രതീക്ഷിതമായി ഒരു ദിലീപ് ചിത്രം കനത്ത തിരിച്ചടി നേരിടുന്നതിനും വിഷുക്കാലം സാക്ഷിയായി. വൈശാഖ് സംവിധാനം ചെയ്ത ‘സൌണ്ട് തോമ’യെ പ്രേക്ഷകര്‍ നിഷ്കരുണം തള്ളിക്കളഞ്ഞു. സൌണ്ട് തോമ വെറും മിമിക്രി ഷോ ആയി തരം‌താഴ്ന്നപ്പോള്‍, മെഗാഹിറ്റ് പ്രതീക്ഷ പുലര്‍ത്തിയ ഒരു സിനിമയുടെ വീഴ്ച കൂടിയായി അത്.

റിലീസിന് മുമ്പേ ഒന്നരക്കോടി രൂപ ലാഭം നേടിയ ചിത്രമാണ് ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍. തിയേറ്ററുകളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ബജറ്റ് പത്തുകോടിക്ക് മേല്‍ പോയാലും അതിന്‍റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന ധാരണ ഉണര്‍ത്താന്‍ ഈ സിനിമയുടെ നേട്ടത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും‌കാല മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം തന്നെ പത്തുകോടി രൂപയ്ക്കുമേല്‍ മുതല്‍ മുടക്കുള്ള ക്വാളിറ്റി സിനിമകളായിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

‘ഇമ്മാനുവല്‍’ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അത് ‘ബാവുട്ടിയുടെ നാമത്തില്‍’ പോലെ ഒരു സാധാരണ ചിത്രം മാത്രമാണ്. ‘അയാളും ഞാനും തമ്മില്‍’ എന്ന ഗംഭീര സിനിമയ്ക്ക് ശേഷം വരുന്ന ലാല്‍ ജോസ് ചിത്രം എക്സ്ട്രാ ഓര്‍ഡിനറി ആയിരിക്കുമെന്ന പ്രതീക്ഷയില്‍ ഇമ്മാനുവല്‍ കാണാന്‍ തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ നിരാശരായി. അതുകൊണ്ടുതന്നെ ബാവുട്ടി പോലെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ഇമ്മാനുവലും സേഫാകുമെന്ന് മാത്രമേ പറയാനാകൂ.

ഇത്തവണത്തെ ഹിറ്റ് ചാര്‍ട്ട് ഇങ്ങനെയാണ്:

1. ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍
2. ത്രീ ഡോട്ട്‌സ്
3. ഇമ്മാനുവല്‍
4. ആമേന്‍
5. സൌണ്ട് തോമ

വെബ്ദുനിയ വായിക്കുക