ചതുരംഗവേട്ടൈ ഹിന്ദിയില്‍, അജയ് ദേവ്ഗണ്‍ നായകന്‍

ചൊവ്വ, 15 ജൂലൈ 2014 (20:06 IST)
ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന 'ചതുരംഗവേട്ടൈ' എന്ന തമിഴ് സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ധാരണയായി. ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ നായകനാകും. തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ലിംഗുസാമി ചിത്രം സംവിധാനം ചെയ്യും. ഹിന്ദിയില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതും ലിംഗുസാമിയുടെ കമ്പനി തിരുപ്പതി ബ്രദേഴ്സാണ്.

ചിത്രത്തിന്‍റെ കഥ കേട്ട ഉടന്‍ തന്നെ ഈ സിനിമ ഹിന്ദിയില്‍ ചെയ്യാമെന്ന് അജയ് ദേവ്ഗണ്‍ സമ്മതിക്കുകയായിരുന്നു. മുമ്പ് ലിംഗുസാമി തന്‍റെ 'വേട്ടൈ' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ആലോചിച്ചു എങ്കിലും പ്രൊജക്ടില്‍ നിന്ന് ഷാഹിദ് കപൂര്‍ പിന്‍‌മാറിയതോടെ അത് വേണ്ടെന്ന് വച്ചിരുന്നു.

നവാഗതനായ എച്ച് വിനോദാണ് ചതുരംഗവേട്ടൈ സംവിധാനം ചെയ്തത്. നടന്‍ മനോബാല ഈ സിനിമ നിര്‍മ്മിച്ചു.

"ഞാന്‍ എന്‍റെ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ആകെ ക്ഷീണിച്ചുവന്ന ഒരു ദിവസമാണ് ചതുരംഗവേട്ടൈ കാണുന്നത്. ആദ്യത്തെ അഞ്ച് മിനിറ്റ് കണ്ടതോടെ ഞാന്‍ ത്രില്ലിലായി. പിന്നീട് ഒറ്റയിരുപ്പില്‍ സിനിമ കണ്ടുതീര്‍ത്തു. ഉടന്‍ തന്നെ ഈ സിനിമ തിരുപ്പതി ബ്രദേഴ്സ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ ഇപ്പോള്‍ തന്നെ നാലുതവണ ഈ സിനിമ കണ്ടുകഴിഞ്ഞു" - ലിംഗുസാമി വെളിപ്പെടുത്തി.

ജൂലൈ 18നാണ് ചതുരംഗവേട്ടൈ റിലീസ് ചെയ്യുന്നത്. നട്‌രാജാണ് ചിത്രത്തിലെ നായകന്‍.

വെബ്ദുനിയ വായിക്കുക