കഴിഞ്ഞ 10 വര്‍ഷങ്ങള്‍ ഭരിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല!
ബുധന്‍, 19 ജൂണ്‍ 2013 (19:30 IST)
PRO
2003 മുതല്‍ 2012 വരെയുള്ള പത്തുവര്‍ഷക്കാലം മലയാള സിനിമയ്ക്ക് അത്ര മെച്ചമായ കാലമായിരുന്നില്ല. നിലവാരം കുറഞ്ഞ സൃഷ്ടികള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ട് തളര്‍ച്ചയില്‍ ഉറങ്ങിയ കാലമായിരുന്നു അതെന്ന് പറയാം. ഔട്ട് സ്റ്റാന്‍ഡിംഗായുള്ള സിനിമകള്‍ വിരളമെന്നു തന്നെ പറയണം. എണ്‍പതുകളെയും തൊണ്ണൂറുകളെയും മലയാളികള്‍ മനസില്‍ നമിച്ചിട്ടുണ്ടാകും.
എങ്കിലും 2010ന് ശേഷം മലയാള സിനിമയില്‍ പ്രകടമായ മാറ്റമുണ്ടായി എന്ന് പറയാതെ വയ്യ. ഒട്ടേറെ മികച്ച സിനിമകള്‍ ഉണ്ടായി. ന്യൂജനറേഷന് സിനിമകള്‍ എന്ന പേരില്‍ ഒരു തരംഗമുണ്ടാകുകയും ആ ലേബലില്‍ നല്ല സിനിമകളും തട്ടിപ്പുപടങ്ങളും ഇറങ്ങുകയും ചെയ്തു. എന്തായാലും കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ ഇറങ്ങിയ ചില മികച്ച സിനിമകളെ പരിചയപ്പെടാം.
അടുത്ത പേജില്‍ - കണ്ണീരിന്റെ വിശുദ്ധിയുള്ള സിനിമ
PRO
2003 - എന്റെ വീട് അപ്പൂന്റേം
ലോഹിതദാസുമായി പിരിഞ്ഞതിന് ശേഷം സിബി മലയില്‍ കാമ്പുള്ള സിനിമകള്‍ തരുന്നില്ല എന്ന പ്രേക്ഷകരുടെ പരാതിക്ക് പരിഹാരം കണ്ട സിനിമയായിരുന്നു എന്റെ വീട് അപ്പൂന്റേം. സഞ്ജയ് - ബോബി ടീമായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ജയറാമും മകന് കാളിദാസനും ജ്യോതിര്‍മയിയുമായിരുന്നു താരങ്ങള്‍. കാളിദാസന്റെ അഭിനയമികവിനാലും വ്യത്യസ്ത പ്രമേയമായതിനാലും ‘എന്റെ വീട് അപ്പൂന്റേം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി.
അടുത്ത പേജില്‍ - ഒരു മികച്ച സംവിധായകന്റെ ഉദയം
PRO
2004 - കാഴ്ച
കഥപറച്ചിലിന്റെ വ്യത്യസ്തമായ രീതിയാണ് ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസി കാണിച്ചുതന്നത്. ഭരതന്, പദ്മരാജന്, ലോഹിതദാസ് ശ്രേണിയിലേക്ക് ഒരു സംവിധായകന് ജനിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാവരും നഷ്ടപ്പെട്ട ഒരു ബാലന്റെ വ്യഥയും അവനെ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഒരു കുടുംബത്തിന്റെ നിസഹായതയും കാഴ്ചയെ ഒരു മികച്ച അനുഭവമാക്കി.
അടുത്ത പേജില്‍ - സിനിമക്കാര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്റ്
PRO
2005 - ഉദയനാണ് താരം
ശ്രീനിവാസന് രചന നിര്‍വഹിച്ച് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള ഷോക്ക് ട്രീറ്റ്മെന്റായി. മലയാള സിനിമയെ തിരുത്താന്‍ കരുത്തുള്ള ഒരു സറ്റയറായിരുന്നു ഈ ചിത്രം. ശ്രീനിവാസന് അവതരിപ്പിച്ച രാജപ്പന് തെങ്ങുമ്മൂട് എന്ന കഥാപാത്രം സിനിമയിലെ സൂപ്പര്‍ താരാധിപത്യത്തെ ആവോളം കളിയാക്കി. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനം നല്കിയ സിനിമ കൂടിയായിരുന്നു ഉദയനാണ് താരം.
അടുത്ത പേജില്‍ - ഗൃഹാതുരത്വമുണര്‍ത്തിയ ആ സിനിമ
PRO
2006 - ക്ലാസ്മേറ്റ്സ്
ഒരു തലമുറയെ മുഴുവന്‍ പഴയകാല ക്യാമ്പസ് ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് ആനയിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ജയിംസ് ആല്‍ബര്‍ട്ട് എന്ന തിരക്കഥാകൃത്തിന്റെ ഗംഭീര തിരക്കഥ. ലാല്‍ ജോസിന്റെ മികച്ച സംവിധാനം. അലക്സ് പോളിന്റെ മികച്ച ഗാനങ്ങള്‍. എല്ലാം തികഞ്ഞ ഒരു ത്രില്ലറായിരുന്നു ക്ലാസ്മേറ്റ്സ്. ടി വി ചാനലുകളില്‍ ഇപ്പോഴും ഏറ്റവുമധികം പ്രേക്ഷകരുള്ള ഒരു ചിത്രമാണിത്.
അടുത്ത പേജില്‍ - അപൂര്‍വ സൌഹൃദത്തിന്റെ വസന്തം
PRO
2007 - കഥ പറയുമ്പോള്‍
കൃഷണന്റെയും കുചേലന്റെയും ഗാഢമായ സൌഹൃദബന്ധത്തെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്രീനിവാസന് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ. നവാഗതനായ എം മോഹനന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് എന്ന കഥാപാത്രം അവസാന മൂന്നു മിനിറ്റില്‍ നടത്തുന്ന പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. തമിഴിലേക്കും ഹിന്ദിയിലേക്കും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും അവിടങ്ങളില്‍ സ്വീകരിക്കപ്പെട്ടില്ല. സൌഹൃദത്തിന്റെ ഭാഷ മലയാളിയേക്കാള്‍ മനസിലാക്കുന്ന മറ്റാരുണ്ട്?
അടുത്ത പേജില്‍ - വിപ്ലവത്തിന്റെ തീവ്രത
PRO
2008 - തലപ്പാവ്
മധുപാല്‍ എന്ന നടന് സംവിധായകനായി മാറിയപ്പോള്‍ മലയാളത്തിന് ലഭിച്ച മികച്ച ചിത്രമാണ് തലപ്പാവ്. ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു ഈ സിനിമ. നക്സലിസവും കമ്യൂണിസവും തിളച്ചുമറിഞ്ഞ കേരളത്തെ വീണ്ടും ഓര്‍മ്മിപ്പിച്ച സൃഷ്ടി കൂടിയായി തലപ്പാവ്. നക്സല്‍ വര്‍ഗീസിനെ ഓര്‍മ്മിപ്പിച്ച ജോസഫ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അനശ്വരമാക്കി.
അടുത്ത പേജില്‍ - വ്യത്യസ്ത ഭാവങ്ങളുമായി ഒരു നടന്
PRO
2009 - പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമയായിരുന്നു പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമ ടി പി രാജീവന്റെ ഇതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്കാരമായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ വിവിധ കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം കൊണ്ടും എന്നും ഓര്‍മ്മിക്കപ്പെടും ഈ ചിത്രം. ശ്വേതാ മേനോന്, പുതുമുഖം മൈഥിലി എന്നിവരും തിളങ്ങി.
അടുത്ത പേജില്‍ - അഭിനയത്തിലെ സാഹസികത
PRO
2010 - ശിക്കാര്‍
മോഹന്‍ലാല്‍ എന്ന നടന് താന്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തോട് എത്രമാത്രം കമ്മിറ്റഡാണ് എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു ശിക്കാര്‍. ഈ സിനിമയില്‍ ലാല്‍ അവതരിപ്പിക്കുന്ന ബലരാമന് എന്ന കഥാപാത്രം ക്ലൈമാക്സ് സീക്വന്‍സുകളില്‍ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. ബലരാമന്റെ ആത്മസംഘര്‍ഷങ്ങളും മോഹന്‍ലാല്‍ ഗംഭീരമാക്കി. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അനന്യയുടെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റി.
അടുത്ത പേജില്‍ - നിസഹായതയുടെ ഇതിഹാസം
PRO
2011 - ഗദ്ദാമ
കമല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു പെണ്‍കുട്ടിയുടെ നിസഹായാവസ്ഥയുടെ അങ്ങേയറ്റമാണ് വരച്ചുകാട്ടുന്നത്. കാവ്യാ മാധവന് എന്ന നടിയുടെ ഏറ്റവും മികച്ച അഭിനയപ്രകടനം സാധ്യമാക്കിയ ഒരു സിനിമയായിരുന്നു ഗദ്ദാമ. അന്യനാട്ടില്‍ ആരാലും സഹായം ലഭിക്കാതെ ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ ഗാഥയായിരുന്നു ഗദ്ദാമ. ഒരുപക്ഷേ ആടുജീവിതത്തിലൊക്കെ നമ്മള് വായിച്ചറിഞ്ഞ തീവ്രമായ അനുഭവങ്ങളുടെ ദൃശ്യഭാഷ.
അടുത്ത പേജില്‍ - ഒരു പ്രതികാരത്തിന്റെ കഥ
PRO
2012 - ഫാദേഴ്സ് ഡേ
കലവൂര്‍ രവികുമാറാണ് ‘ഫാദേഴ്സ് ഡേ’ എന്ന സിനിമയുടെ സംവിധായകന്. ഒരു ബലാത്സംഗ ഇരയുടെ മകന് തന്റെ പിതാവാരാണെന്ന അന്വേഷണം നടത്തുന്നതും അമ്മയെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കാനായി ഇറങ്ങിത്തിരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഈ സിനിമ ടി വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ വലിയ അഭിപ്രായമാണ് നേടിയത്. രേവതി, ഇന്ദു തമ്പി, വിനീത്, ലാല്‍, ഷെഹിന് എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.