ഏറ്റവും വലിയ ഹിറ്റ് ആര്‍ക്ക്? മമ്മൂട്ടിക്കോ ലാലിനോ?
വ്യാഴം, 3 ഫെബ്രുവരി 2011 (21:03 IST)
PRO
മമ്മൂട്ടിക്കും മോഹന്‍ലാലിനും 2011 വളരെയേറെ നിര്‍ണായകമായ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയാണ് സ്കോര്‍ ചെയ്തത്. മോഹന്‍ലാലിന്‍റെ പല തീരുമാനങ്ങളും അദ്ദേഹത്തിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മമ്മൂട്ടിയാകട്ടെ, പരാജയങ്ങള്‍ സംഭവിച്ചെങ്കിലും മികച്ച ചില ചിത്രങ്ങളിലൂടെ അവയുടെ ക്ഷീണം മറികടന്നു. അതോടെ ഈ വര്‍ഷം സിംഹാസനം തിരിച്ചുപിടിക്കാനായി മികച്ച പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്ത് ലാല്‍ക്യാമ്പ് സജീവമാകുകയും ചെയ്തു.
ഈ വര്‍ഷം മെഗാഹിറ്റ് ആകുമെന്ന് ഉറപ്പിച്ച് വെടിമരുന്ന് നിറച്ചിരിക്കുന്ന സിനിമകള്‍ പലതുണ്ട് മമ്മൂട്ടിക്കും ലാലിനും. അവ ഏറ്റുമുട്ടുമ്പോള്‍, അവയില്‍ ഏറ്റവും വലിയ വിജയം ആര്‍ക്കായിരിക്കും എന്ന പ്രവചനാത്മകമായ പരിശോധനയാണ് മലയാളം വെബ്ദുനിയ നടത്തുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആര്‍ക്കായിരിക്കും. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കോ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനോ?
അടുത്ത പേജുകള്‍ ഈ ചോദ്യത്തിന് മറുപടി പറയും
PRO
10. രാവ് മായുമ്പോള്‍
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയാണ് രാവ് മായുമ്പോള്‍. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ള ഒരു കൊമേഴ്സ്യല്‍ ചിത്രത്തിനാണ് രഞ്ജിത് ശ്രമിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ പോലെ ഇതും ജനങ്ങളേറ്റെടുത്താല്‍ മമ്മൂട്ടിയുടെ ക്രെഡിറ്റില്‍ മറ്റൊരു മെഗാഹിറ്റ് കൂടി പിറക്കും. രേവതിയാണ് ചിത്രത്തിലെ നായിക.
അടുത്ത പേജില്‍ - കോമഡിച്ചിത്രത്തില്‍ രക്ഷതേടി ലാല്‍
PRO
9. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും
സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രം ഈ വര്‍ഷത്തെ മെഗാഹിറ്റ് പ്രതീക്ഷകളില്‍ ഒന്നാണ്. ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍റെ ചിത്രത്തില്‍ ലാല്‍ നായകനാകുകയാണ്. വിശ്വനാഥന്‍ എന്ന ഇടത്തരക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ്. വരവേല്‍പ്പ് പോലെ, നാടോടിക്കാറ്റ് പോലെ ഈ ചിത്രത്തിലും സത്യന്‍ - ലാല്‍ മാജിക് ഫലം കാണുമോ? കാത്തിരിക്കാം.
അടുത്ത പേജില്‍ - ആക്ഷനും സസ്പെന്‍സും ഒരുമിപ്പിച്ച് മമ്മൂട്ടി
PRO
8. ആഗസ്റ്റ് 15
പെരുമാള്‍ വീണ്ടും വരുന്നു. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നടക്കുന്ന അക്രമിയെ കീഴടക്കുക തന്നെ ഇത്തവണത്തെയും ലക്‍ഷ്യം. ഷാജി കൈലാസ് - എസ് എന്‍ സ്വാമി - മമ്മൂട്ടി ടീം ഒരു മികച്ച കഥാപാത്രത്തിന്‍റെ കൂട്ടുപിടിച്ചു നടത്തുന്ന ശ്രമം. എല്ലാം ഒത്തുവന്നാല്‍, തിയേറ്ററുകളില്‍ ഈ സിനിമ വിസ്മയം സൃഷ്ടിക്കുമെന്ന് തീര്‍ച്ച. ദ്രോണ എന്ന പരാജയ ചിത്രത്തിന് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഷാജി കൈലാസിനും ഈ സിനിമ വന്‍ വിജയം നേടേണ്ടത് അനിവാര്യമാണ്.
അടുത്ത പേജില്‍ - മാജിക് കൂട്ടുകെട്ട് ആവര്‍ത്തിക്കാന്‍ മോഹന്‍ലാല്‍
PRO
7. അറബിയും ഒട്ടകവും പി മാധവന്‍ നായരും
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീം വീണ്ടും വരികയാണ്. മറ്റൊരു കിലുക്കമോ ചിത്രമോ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകസമൂഹവും ഉറ്റുനോക്കുന്നത്. ഈ സിനിമയില്‍ മുകേഷിന്‍റെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. പ്രിയനും ലാലും ഒന്നിച്ച കഴിഞ്ഞ മൂന്നു ചിത്രങ്ങള്‍ - കാലാപാനി, കാക്കക്കുയില്‍, കിളിച്ചുണ്ടന്‍ മാമ്പഴം എന്നിവ ബോക്സോഫീസില്‍ തിരിച്ചടി നേരിട്ടവയാണ്. എന്നാല്‍ അറബിയും ഒട്ടകവും പി മാധവന്‍ നായരും വന്‍ ഹിറ്റായി മാറാന്‍ സാധ്യത കാണുന്നതായാണ് സിനിമാവിദഗ്ധരുടെ അഭിപ്രായം.
അടുത്ത പേജില്‍ - മരണത്തിന്‍റെ ദുരൂഹത തേടി മമ്മൂട്ടി
PRO
6. വീണ്ടും സി ബി ഐ ഡയറി
സി ബി ഐ ഡയറിക്കുറിപ്പിന്‍റെ അഞ്ചാം ഭാഗം അണിയറയിലൊരുങ്ങുന്നു. കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകും. എസ് എന്‍ സ്വാമി ഇത്തവണയും ഒരു മര്‍ഡര്‍ മിസ്റ്ററിയാണ് പറയുന്നത്. ഷുവര്‍ ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുന്നു. കൃഷ്ണകൃപയുടെ ബാനറില്‍ കെ മധു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത പേജില്‍ - ആര്‍ത്തുചിരിപ്പിക്കാന്‍ മോഹന്‍ലാല്‍ വീണ്ടും
PRO
5. ചൈനാ ടൌണ്‍
‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ആദിമധ്യാന്തം ഒരു കോമഡിച്ചിത്രമാണ് ചൈനാ ടൌണ്‍. മോഹന്‍ലാലിനൊപ്പം ജയറാമും ദിലീപും ഈ സിനിമയിലുണ്ട്. മൂന്ന് കോമഡി രാജാക്കന്‍മാര്‍ ഒന്നിക്കുമ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ ചിരിച്ചുമറിയും എന്നതില്‍ തര്‍ക്കമില്ല.
അടുത്ത പേജില്‍ - കുടുംബബന്ധങ്ങളുടെ നന്‍മയുമായി മമ്മൂട്ടി
PRO
4. ഡബിള്‍സ്
മമ്മൂട്ടി വീണ്ടും ഒരു പുതുമുഖ സംവിധായകനെ പരീക്ഷിക്കുകയാണ്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഡബിള്‍സിലൂടെ നദിയാ മൊയ്തുവും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. മികച്ച ഒരു കഥയും നല്ല തമാശകളും നിറഞ്ഞ ഒരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ പുതിയ ലുക്കും പ്രേക്ഷകരെ വശീകരിക്കും.
അടുത്ത പേജില്‍ - പ്രണയത്തിന്‍റെ പുതിയ ഭാവങ്ങളുമായി ലാല്‍
PRO
3. കാസനോവ
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ മലയാള സിനിമാലോകമാകെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് എന്നീ നല്ല ചിത്രങ്ങള്‍ക്ക് ശേഷം റോഷനും ലാലും ഒന്നിക്കുമ്പോള്‍ തിരക്കഥ സഞ്ജയ് - ബോബി ടീമാണ്. ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നറായിരിക്കും ഇതെന്ന് റോഷന്‍ ആന്‍ഡ്രൂസ് ഉറപ്പുനല്‍കുന്നു. ഉദയനാണ് താരത്തിന്‍റെ വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
അടുത്ത പേജില്‍ - ആക്ഷന്‍റെ അന്തിമവാക്ക്
PRO
2. ക്രിസ്ത്യന്‍ ബ്രദേഴ്സ്
ജോഷി മറ്റൊരു ട്വന്‍റി20യുടെ പണിപ്പുരയിലാണ്. മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’. വമ്പന്‍ ഹിറ്റുകളുടെ എഴുത്തുകാരായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് തിരക്കഥ. ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ് എന്നീവരും മോഹന്‍ലാലിനൊപ്പം ഈ സിനിമയില്‍ അണിനിരക്കും. ഒരു ഗംഭീര ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത പേജില്‍ - തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിക്കാന്‍...
PRO
1. കിംഗ് ആന്‍റ് ദി കമ്മീഷണര്‍
തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് വീണ്ടും എത്തുകയാണ്. മലയാള സിനിമയിലെ ചങ്കുറപ്പുള്ള, വീര്യമുള്ള കഥാപാത്രസൃഷ്ടി. ദി കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടി അനശ്വരമാക്കിയ ആ കഥാപാത്രവുമായി ഷാജി കൈലാസും രണ്‍ജി പണിക്കരും വീണ്ടും ഒത്തുചേരുന്നു. ഒപ്പം മലയാളത്തിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രമായ ഭരത്ചന്ദ്രനെ അവതരിപ്പിച്ചുകൊണ്ട് സുരേഷ്ഗോപിയും. കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ഈ വര്‍ഷം തിയേറ്ററുകളെ പിടിച്ചുകുലുക്കും എന്നതില്‍ സംശയമില്ല.