മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിന്‍റെ ഹരത്തിലാണ് ഇപ്പോള്‍ മലയാള സിനിമാലോകം. ബാംഗ്ലൂര്‍ ഡെയ്സ് ചരിത്രം വിജയം നേടിയിരിക്കുന്നു. പരാജയങ്ങളുടെ പടുകുഴിയില്‍ കിടന്ന മലയാള സിനിമയ്ക്ക് കഴിഞ്ഞ ഒരു മാസം പകര്‍ന്ന ഉണര്‍വ് ചെറുതല്ല. ഒരു ബ്ലോക്ക് ബസ്റ്ററും രണ്ട് സൂപ്പര്‍ഹിറ്റുകളും ഒരു ഹിറ്റും ഒരു ശരാശരി വിജയവും. ഒരുമാസത്തിനിടെ സംഭവിച്ച അത്ഭുതങ്ങളാണ്.
ആദ്യ ആഴ്ചയില്‍ തന്നെ പത്തുകോടിയിലേറെ കളക്ഷന്‍ നേടിയ ബാംഗ്ലൂര്‍ ഡെയ്സ് ഇപ്പോഴും പടയോട്ടം തുടരുകയാണ്. ആദ്യ ആഴ്ചയിലെ വിതരണക്കാരുടെ ഷെയര്‍ തന്നെ അഞ്ചരക്കോടി വന്നു. രണ്ടാമത്തെ വാരത്തിലും എട്ടുകോടിയിലേറെ കളക്ഷന്‍ നേടിയെന്നാണ് വിവരം. ദൃശ്യം എന്ന അത്ഭുത വിജയത്തെ പോലും വെല്ലുന്ന രീതിയിലാണ് ബാംഗ്ലൂര്‍ ഡെയ്സിന്‍റെ മുന്നേറ്റം.
അമ്പതുനാളുകള്‍ കൊണ്ട് ഏഴുകോടിയോളം തിയേറ്ററിക്കല്‍ ഷെയര്‍ വന്ന ചിത്രമാണ് ദിലീപിന്‍റെ റിംഗ് മാസ്റ്റര്‍. ഈ സൂപ്പര്‍ഹിറ്റ് ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററുകളില്‍ നിന്നുതന്നെ ഈ സിനിമ ലാഭം നേടി എന്നത് ഇന്‍ഡസ്ട്രിയെയാകെ ഉണര്‍ത്തിയിട്ടുണ്ട്.
മഞ്ജു വാര്യര്‍ അടിച്ചുപൊളിച്ച ഹൌ ഓള്‍ഡ് ആര്‍ യു സൂപ്പര്‍ഹിറ്റാണ്. കേരളത്തിലെ 77 സെന്‍ററുകളില്‍ നിന്ന് 25 ദിവസങ്ങള്‍ കൊണ്ട് അഞ്ചുകോടിയോളം രൂപ ഷെയര്‍ വന്നു എന്ന് സിഫി റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്പതുദിവസങ്ങള്‍ കൊണ്ട് മൂന്നരക്കോടിയോളം ഷെയര്‍ നേടിയ പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേ ഹിറ്റാണ്. മികച്ച ഇനിഷ്യല്‍ കളക്ഷനും സാറ്റലൈറ്റ് റൈറ്റും എല്ലാം ചേര്‍ന്ന് മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മാതാവിന് ലാഭം നേടിക്കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.