വടക്കന്‍ വീരഗാഥയ്ക്ക് മുമ്പേ ആലോചിച്ചതാണ് പഴശ്ശിരാജ, അത് മാറ്റിവച്ചതിന് കാരണം ഒരു മമ്മൂട്ടിച്ചിത്രം!

ശനി, 10 ജൂണ്‍ 2017 (20:10 IST)
മമ്മൂട്ടി - എംടി - ഹരിഹരന്‍ ടീമിന്‍റെ ക്ലാസിക് എന്നുപറയുന്നത് ഒരു വടക്കന്‍ വീരഗാഥയാണ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘പഴശ്ശിരാജ’ ചെയ്തെങ്കിലും അത് വീരഗാഥയുടെയത്രയും ശ്രേഷ്ഠത നേടിയില്ല. എങ്കില്‍ ഒരു കാര്യമറിയുമോ? ഒരു വടക്കന്‍ വീരഗാഥയ്ക്ക് മുമ്പ് എംടിയും ഹരിഹരനും ചെയ്യാന്‍ ആലോചിച്ചതാണ് പഴശ്ശിരാജ!
 
ഇതിന്‍റെ ആലോചനകള്‍ക്കായി 1986ന്‍റെ ഒടുവില്‍ എംടിയും ഹരിഹരനും പി വി ഗംഗാധരനുമെല്ലാം കോഴിക്കോട് പാരാമൌണ്ട് ടൂറിസ്റ്റ് ഹോമില്‍ ഒത്തുകൂടിയതുമാണ്. പഴശ്ശിരാജ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവിടെ നടന്നു.
 
എം ടി വണ്‍‌ലൈന്‍ തയ്യാറാക്കി. ‘പഴശ്ശിരാജ’ എന്ന് പേരുമിട്ടു. എന്നാല്‍ അപ്പോഴാണ് അവരുടെ ആവേശം കെടുത്തിക്കൊണ്ട് മറ്റൊരു വാര്‍ത്തയെത്തിയത്.
 
മമ്മൂട്ടിയെ നായകനാക്കി മണ്ണില്‍ മുഹമ്മദ് ‘1921’ എന്ന ചിത്രം നിര്‍മ്മിക്കുന്നു എന്ന വിവരം. ടി ദാമോദരന്‍റെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്യുന്ന സിനിമ. സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നു 1921ന്‍റെയും പശ്ചാത്തലം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ചരിത്രസിനിമകള്‍, അതും സ്വാതന്ത്ര്യസമരം പ്രമേയമാകുന്ന സിനിമകള്‍ വരുന്നത് ശരിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ തല്‍ക്കാലം പഴശ്ശിരാജ ചെയ്യേണ്ട എന്ന് അവര്‍ തീരുമാനിച്ചു.
 
പിന്നീടാണ് വടക്കന്‍‌പാട്ട് പിടിക്കാന്‍ ഹരിഹരനും എം ടിയും തീരുമാനിക്കുന്നത്. ചതിയന്‍ ചന്തുവിനെ മറ്റൊരു വീക്ഷണത്തില്‍ അവതരിപ്പിക്കാന്‍ എം ടി തീരുമാനിച്ച ആ നിമിഷം മലയാള സിനിമയുടെ ഏറ്റവും ഭാഗ്യം ചെയ്ത നിമിഷമായിരുന്നു. അങ്ങനെ എക്കാലത്തെയും മികച്ച ആ സിനിമ പിറന്നു - ഒരു വടക്കന്‍ വീരഗാഥ!

വെബ്ദുനിയ വായിക്കുക