തിയേറ്ററുകള്‍ കിടുങ്ങിവിറയ്ക്കും, മമ്മൂട്ടി - രണ്‍ജി ശൌര്യം!

വെള്ളി, 21 ഏപ്രില്‍ 2017 (17:39 IST)
രണ്‍ജി പണിക്കരും മമ്മൂട്ടിയും ഒത്തുചേരുമ്പോള്‍ എന്നും പൊട്ടിത്തെറിക്കുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ജോസഫ് അലക്സ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ‘കളിയെന്നോടും വേണ്ട സര്‍’ എന്ന് ആരുടെയും മുഖത്തുനോക്കിപ്പറയാന്‍ ചങ്കൂറ്റമുള്ള നായകന്‍‌മാരെയാണ് രണ്‍ജി മമ്മൂട്ടിക്ക് നല്‍കിയിട്ടുള്ളത്.
 
രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘രൌദ്രം’ എന്ന സിനിമ മമ്മൂട്ടിയുടെ കൃത്യവും സ്ഫോടനാത്മകവുമായ ഡയലോഗ് ഡെലിവറിക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. 2008 ജനുവരി 25നാണ് രൌദ്രം റിലീസായത്. ചിത്രം വലിയൊരു വിജയമായില്ലെങ്കിലും നരേന്ദ്രന്‍ എന്ന കഥാപാത്രം ആണത്തത്തിന്‍റെ ആള്‍‌രൂപമായി തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാണ്.
 
‘ഭരത്ചന്ദ്രന്‍ ഐ പി എസ്’ എന്ന മെഗാഹിറ്റിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു രൌദ്രം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിഭാഗീയത ചര്‍ച്ച ചെയ്ത സിനിമ എന്ന നിലയില്‍ രൌദ്രം ശ്രദ്ധിക്കപ്പെട്ടു. സായികുമാര്‍, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, രാജന്‍ പി ദേവ് തുടങ്ങിയവരുടെ പ്രകടനങ്ങളും സിനിമയുടെ വിജയത്തിന് സഹായിച്ചു.
 
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവിന്‍റെ ഛായയിലാണ് ചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള മുഖ്യമന്ത്രി കഥാപാത്രമായി ജനാര്‍ദ്ദനന്‍ അഭിനയിച്ചത്. ജനാര്‍ദ്ദനന്‍റെ പക്വമായ പ്രകടനം ആ കഥാപാത്രത്തെ മിഴിവുള്ളതാക്കി. സേതു എന്ന വില്ലന്‍ കഥാപാത്രത്തെ ഉജ്ജ്വലമാക്കി സായികുമാറും തിളങ്ങി. 
 
രണ്‍ജി പണിക്കരുടെ മറ്റുചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊട്ടിത്തെറിക്കുന്നതും സംഘര്‍ഷാത്മകവുമായ മുഹൂര്‍ത്തങ്ങള്‍ രൌദ്രത്തില്‍ കുറവായിരുന്നു. എങ്കിലും രാമു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രവുമായി മമ്മൂട്ടിയുടെ നരേന്ദ്രന്‍ കോര്‍ക്കുന്നതുതന്നെയായിരുന്നു രൌദ്രത്തിലെ ഹൈലൈറ്റ്.

വെബ്ദുനിയ വായിക്കുക