അനിയത്തിക്കോഴിയുടെ അനുകരണമല്ല അനിയത്തിപ്രാവ്!

ചൊവ്വ, 8 ഓഗസ്റ്റ് 2017 (20:51 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് ഫാസിലിന്‍റെ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍റെയും ശാലിനിയുടെയും ആദ്യചിത്രം. 
 
ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടും ഷൂട്ടിംഗ് തുടങ്ങാറായിട്ടും പേര് കണ്ടെത്താനായിരുന്നില്ല. അപ്പോഴാണ് ചിത്രത്തിനുവേണ്ടി എസ് രമേശന്‍ നായര്‍ എഴുതിയ ഒരു പാട്ട് മദ്രാസില്‍ നിന്ന് ഫാസിലിന് അയച്ചുകിട്ടുന്നത്. അത് ഇങ്ങനെയായിരുന്നു - ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്...’
 
വായിച്ച ഉടന്‍ ഫാസിലിന്‍റെയും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍റെയും മനസില്‍ ബള്‍ബ് കത്തി. ‘അനിയത്തിപ്രാവ്’ എന്ന പ്രയോഗമാണ് ഇരുവരെയും ആകര്‍ഷിച്ചത്. ചിത്രത്തിന് ഇടാന്‍ പറ്റിയ പേര്.
 
പാട്ടുകേള്‍ക്കാനിരുന്നവരോടൊക്കെ ഫാസില്‍ ആരാഞ്ഞു - ‘അനിയത്തിപ്രാവ് എന്ന് പേരിട്ടാല്‍ എങ്ങനെയുണ്ടാവും?’.
 
അതുകേട്ട ഒരാള്‍ പറഞ്ഞു - ‘അനിയത്തിക്കോഴി എന്ന പേരില്‍ വി ഡി രാജപ്പന്‍റെ ഒരാല്‍ബമുണ്ട്. അതിന്‍റെ പാരഡിയായി തോന്നും”. അതുപറഞ്ഞ ആള്‍ക്ക് മാത്രമല്ല, കേട്ട പലര്‍ക്കും ‘അനിയത്തിപ്രാവ്’ എന്ന പേരിഷ്ടമായില്ല. പക്ഷേ ഫാസില്‍ അതുതന്നെ ഉറപ്പിച്ചു.
 
അനിയത്തിപ്രാവ് എന്ന പേരും സിനിമയും മലയാളികളുടെ ഹൃദയം കവര്‍ന്നത് ചരിത്രം.

വെബ്ദുനിയ വായിക്കുക