‘കക്കൂസ് സാഹിത്യ’മല്ല, നേരിന്‍റെ ചുവരെഴുത്ത്!

ചൊവ്വ, 8 നവം‌ബര്‍ 2011 (14:14 IST)
PRO
സാമ്പ്രദായികമായ എഴുത്ത് സാമഗ്രികളെ പാടെ തിരസ്‌ക്കരിച്ചുള്ള പുത്തന്‍ എഴുത്ത്, നമ്മുടെ ആഴ്‌ചപ്പതിപ്പ് സാഹിത്യകാരന്‍മാരെ അസ്വസ്ഥരാക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പേനയും പേപ്പറും ഉപയോഗിച്ച് സാഹിത്യം എഴുതിയില്ലെങ്കില്‍ ഭാവനാ ശൂന്യമാണ് ആ സൃഷ്‌ടികളെന്നും അവയെല്ലാം സര്‍ഗാത്‌മകതയുടെ അന്ത്യം കുറിക്കുമെന്നുമാണ് ഈ എഴുത്തുമേശ സാഹിത്യകാരന്‍മാര്‍ ഘോരഘോരം കവല പ്രസംഗങ്ങള്‍ നടത്തുന്നത്.

സാഹിത്യകാരിയും തിരക്കഥകൃത്തും പിന്നെ ഒത്തു പിടിച്ചാല്‍ നാളത്തെ അക്കാദമി പ്രസിഡന്റുവരെയാകേണ്ട ഇന്ദുമേനോനാണ് ഏറ്റവും ഒടുവിലായി സൈബര്‍ സാഹിത്യത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ബ്ലോഗ് എഴുത്ത് എന്നാല്‍ കക്കൂസ് സാഹിത്യമാണെന്നാണ് ഇന്ദുമേനോന്റെ പക്ഷം. ബ്ലോഗ് മാത്രമല്ല ഫേസ്ബുക്ക് പോലും അത്തരം ഒരു സാഹിത്യമാണ് എന്നാണ് ഇന്ദു ഉറപ്പിച്ച് പറയുന്നത്.

രണ്ടു തരത്തില്‍ നമുക്ക് ഈ പ്രസ്‌താവനയെക്കാണാം. "ഇവിടെയുണ്ട്‌ ഞാന്‍ എന്നറിയിക്കുവാന്‍ മധുരമായൊരു കൂവല്‍ മാത്രം മതി” പോലെ ഇടയ്ക്ക് ഒന്ന് കൂവി അനാവശ്യ വിവാദങ്ങളിലൂടെ പ്രശസ്‌തയാകാനുള്ള ത്വര, അല്ലെങ്കില്‍ തികഞ്ഞ അജ്ഞത. സാഹിത്യം എഴുതണമെങ്കില്‍ കുലവും വംശവും വരെ ആവശ്യമായിരുന്ന ഒരു ക്ലാസിക്ക് കാലഘട്ടത്തിന്റെ അവശേഷിപ്പ് കൂടിയാണ് ഈ പ്രസ്‌താവന. കക്കൂസില്‍ പോകണമെങ്കില്‍ സിഗരറ്റ് വലിച്ചേ മതിയാകൂ എന്നത് പോലെയാണ് പേപ്പറും പേനയും ഉണ്ടെങ്കിലേ എഴുത്തുവരൂ എന്ന് പറയുന്നത്.

അടുത്ത പേജില്‍: കാല്‍പ്പനികതയുടെ വഴുക്കന്‍ കുളിമുറികള്‍

“മലയാള സൈബര്‍ ലോകത്തെക്കുറിച്ച് വിരലിലെണ്ണാവുന്ന പഠനങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളുവെങ്കിലും അവയെല്ലാം തന്നെ ഏറെക്കുറെ ഗഹനത അവകാശപ്പെടാന്‍ കഴിയുന്നത് തന്നെ. ആ പഠനങ്ങള്‍ പോലും ഇത്തരം ഒരു അഭിപ്രായം തട്ടിമൂളിക്കുന്നതിന് മുമ്പ് ഇന്ദു ഓര്‍ക്കേണ്ടതായിരുന്നു. നവ നിരൂപകരില്‍ പ്രമുഖനും പത്ര പ്രവര്‍ത്തകനും ഒക്കെയായ പി കെ രാജശേഖരന്‍ മലയാ‍ള സൈബര്‍ ലോകത്തെക്കുറിച്ച് നടത്തിയ ഒരു നിരീക്ഷണം ഇങ്ങനെയാണ് -
“സാഹിത്യപ്രവര്‍ത്തര്‍ക്കിടയിലും കമ്പ്യൂട്ടര്‍ സാക്ഷരത കമ്മിയാണ്. ഇതിന്റെ മറുവശത്ത് സങ്കേതിക വിദ്യയുടെ അമാനവികതയെ ചെറുക്കാനുള്ള ഉട്ടോപ്യയായി, ഗൃഹാതുര ഭൂതകാലമായി സാഹിത്യത്തെ വീക്ഷിക്കുന്ന മനോഭാവം മലയാള സാഹിത്യത്തില്‍ കാണം. സാങ്കേതികതയുമായി ബന്ധപ്പെടുമ്പോള്‍ ആശങ്കയുടെ ഭീത സ്വരവും (കാല്‌പ്പനിക) ഗൃഹാതുരത്വവുമാണ് മലയാള ഭാവനയില്‍ മേല്‍ക്കോയ്‌മ നേടിയത്, ആധുനികതാവാദികളില്‍ പോലും”(ഏകാന്ത നഗരങ്ങള്‍, പി കെ രാജശേഖരന്‍).

പി കെ പറഞ്ഞ ഈ ഉട്ടോപ്യന്‍ കാല്‌പനികത തന്നെയാണ് പേനയും പേപ്പറും ഉണ്ടെങ്കിലെ സര്‍ഗാത്‌മകതയുണ്ടാവൂ എന്നും സാഹിത്യമുണ്ടാവൂ എന്നും വലിയ വായില്‍ വിളിച്ചു പറയാന്‍ ഇന്ദുമേനോനെ പ്രേരിപ്പിച്ചത്. ആഢ്യ കുലജാതനും പണ്ഡിതനും മാത്രമേ സാഹിത്യമെഴുതാവു എന്ന പഴയ ക്ലാസിക്ക് പുളിച്ചു തികട്ടലും ഈ പ്രസ്‌താവനയുടെ അടിത്തട്ടില്‍ കിടപ്പുണ്ട്. പിന്നെ കക്കൂസ് സാഹിത്യമെന്നാല്‍ തെറിയാണ് എന്ന് മാത്രമേ മലയാളിക്കറിയൂ. അതിനുമപ്പുറം ഗൌരവതരമായ പല പഠനങ്ങള്‍ക്കും അത് ഇടനല്‍കിയിട്ടുണ്ട്. ഗ്രഫീറ്റികളെക്കുറിച്ചും ചുവരെഴുത്തുകളെക്കുറിച്ചും ലോകത്തൊട്ടാകെ തന്നെ അക്കാദമിക് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം ഈ അടുത്ത കാലത്ത് ചുവരെഴുകളെക്കുറിച്ച് അതിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ മാനങ്ങളെക്കുറിച്ച് ഗൌരവമായ ലേഖനങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

അടുത്ത പേജില്‍: ചില ചുവരെഴുത്തുകള്‍ വായിച്ചേ മതിയാകൂ

“ചുവരിലും മറ്റും എഴുതാനുളള മനുഷ്യന്റെ വാസനയാണ് ബ്ലോഗ്, ഫേസ്‌ബുക്ക് എന്നിവയുടെ രചനകളിലൂടെ പ്രകടമാകുന്നത്. ഒരു തരത്തിലുള്ള ടോയ്‌ലെറ്റ് സാഹിത്യം എന്നതിനെ വിളിക്കാം” - ഇന്ദുമേനോന്‍.

പ്രസ്ഥാനങ്ങളും പ്രത്യയശാസ്‌ത്രങ്ങളും പരാജയപ്പെട്ടിടത്ത് ചില ചുവരെഴുത്തുകള്‍ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഞങ്ങള്‍ വന്നപ്പോഴേക്കും എല്ലാ വിപ്ലവങ്ങളും അവസാനിച്ചു പോയി എന്ന കവി വാക്യത്തിന് മറുപടിയായി ഒരു വിപ്ലവത്തിനുള്ള തിര ഞങ്ങള്‍ സൂക്ഷിച്ചിരുന്നു എന്ന് പറയുകയാണ് സമീപകാല ചരിത്രം.

ഫേസ്‌ബുക്ക് സൃഷ്ടിച്ച മുല്ലപ്പൂ വസന്തങ്ങള്‍ വാടിയിട്ടില്ല. അവ കൂടുതല്‍ കൂടുതല്‍ വിടരാനിരിക്കുന്നതേയുള്ളു. ആ കാലത്തില്‍ നിന്നാണ് ഫേസ്‌ബുക്ക് ടോയ്‌ലെറ്റാണെന്ന് ഇന്ദു പറയുന്നത്. അമാനവീകരണത്തിന്റെ എത്ര സിദ്ധാന്തങ്ങള്‍ നിരത്തിയാലും അവയെല്ലാം ഹൈപ്പോതീസീസുകളാക്കി സമീപകാല സംഭവങ്ങള്‍ മാറ്റിയിരിക്കുന്നു. ചുവരിലെ വരകളില്‍ നിന്നും ഡാവിഞ്ചിമാര്‍ ഉണ്ടായിട്ടുണ്ട്. ലെസ്‌ബിയനില്‍ തുടങ്ങി ചുംബന ശബ്‌ദതാരാവലിയിലൂടെ നീണ്ടു പോകുന്ന പു‌സ്‌തകങ്ങള്‍ വായിച്ചവരേക്കാള്‍ കൂടുതല്‍ വായനക്കാര്‍ മലയാളത്തിലെ ബ്ലോഗുകള്‍ വായിക്കുന്നുണ്ട്, ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

അത് കൊണ്ട് അച്ചടിമഷി പുരണ്ടതേ സാഹിത്യമാവൂ എന്ന മൂഢധാരണകള്‍ക്ക് ഇനി സ്ഥാനമില്ല. സ്രഷ്‌ടാവും എഡിറ്ററും ചിത്രകാരനും ഒക്കെയായി ഇനിയും ബ്ലോഗുകള്‍ പിറക്കും. അവയെ കക്കൂസ് സാഹിത്യം എന്ന് വിളിക്കും മുമ്പ് സ്വന്തം സാഹിത്യത്തെ ഏത് ഗണത്തില്‍ പെടുത്തും എന്ന് ഒന്ന് മനസുറപ്പിച്ച് വിലയിരുത്തുന്നത് നന്നായിരിക്കും.

വാലറ്റം - കഴിഞ്ഞ കുറെക്കാലങ്ങളായി ബ്ലോഗ് രചനകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നു. ഇനി മാതൃഭൂമിയെ കക്കൂസ് വാരികയാക്കി അടുത്ത പ്രസ്‌താവനയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

വെബ്ദുനിയ വായിക്കുക